പ്രതീകാത്മക ചിത്രം
കോട്ടയം: കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ വേഗത്തില്‍ തീര്‍പ്പാക്കാന്‍ ആവിഷ്കരിച്ച മീഡിയേഷന് ഫോര്‍ ദി നേഷന്‍ മൂന്നാം ഘട്ടത്തിനു തുടക്കമായി.
സുപ്രീം കോടതിയുടെ കീഴിലുള്ള മീഡിയേഷന് ആന്‍ഡ് കണ്‍സീലിയേഷന്‍ പ്രോജക്ട് കമ്മിറ്റിയും (എംസിപിസി) നാഷണല്‍ ലീഗല്‍ സര്‍വീസ് അഥോറിറ്റിയും (നല്‍സ) സംയുക്തമായാണ് പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ആദ്യഘട്ടത്തില്‍ 410 കേസുകളും രണ്ടാംഘട്ടത്തില്‍ 649 കേസുകളും തീര്‍പ്പാക്കി.
ജില്ലയില്‍ വിവിധ കോടതികളിലുള്ള കേസുകള്‍ അതത് കോടതിയുമായി ബന്ധപ്പെട്ട മീഡിയേഷന് സെന്ററുകളിലേക്ക് ശിപാര്‍ശ ചെയ്യാം. മധ്യസ്ഥതയ്ക്കു വിടാന്‍ താത്പര്യമുള്ളവര്‍ക്കു നേരിട്ടോ അഭിഭാഷകര്‍ മുഖേനയോ അതത് കോടതികളുമായി ബന്ധപ്പെട്ട് ആവശ്യമുന്നയിക്കാം.
നേരിട്ടും ഓണ്‍ലൈനായും മധ്യസ്ഥ ചര്‍ച്ചകള്‍ നടത്തും. മധ്യസ്ഥതയില്‍ തീര്‍പ്പാക്കുന്ന കേസുകളില്‍ കക്ഷികള്‍ക്കു കോടതിച്ചെലവ് തിരികെ ലഭിക്കും. വൈവാഹിക തര്‍ക്ക കേസുകള്‍, വാഹനാപകട നഷ്ടപരിഹാര കേസുകള്‍, ചെക്ക് ബൗണ്‍സ് കേസുകള്‍, വാണിജ്യ തര്‍ക്കം, ഉപഭോക്തൃതര്‍ക്കം തുടങ്ങിയവ മധ്യസ്ഥതയ്ക്കായി പരിഗണിക്കും. ഇമെയില്‍: mediationkottayam @gmail.com, 0481-2572422
Tags : Mediation NattuVishasham DistrictNews