തിരുവനന്തപുരം: പ്രതിപക്ഷ ബഹളത്തിനും ബഹിഷ്കരണത്തിനുമിടയിൽ ബജറ്റ് പാസാക്കി തിരുവനന്തപുരം നഗരസഭ. എതിർപ്പുകളുണ്ടായാലും പിഎംബിവൈ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് ബജറ്റ് പാസാക്കി മേയർ വി.വി രാജേഷ് അറിയിച്ചു.
കൗണ്‍സിലർ ആർ. ശ്രീലേഖയ്ക്കെതിരായ പോക്സോ കേസും ബജറ്റിനെക്കുറിച്ച് കെ.എസ് ശബരീനാഥൻ നടത്തിയ ടോയ്ലറ്റ് പേപ്പറെന്ന പ്രസ്താവനയുമെല്ലാം പ്രതിപക്ഷ ബഹളത്തിന് കാരണമായി. കൂടാതെ ബജറ്റിലെ പിഴവുകൾ ചൂണ്ടിക്കാട്ടുന്നതിനിടെ ഡപ്യൂട്ടി മേയർ സീറ്റിലുണ്ടായില്ലെന്ന് പറഞ്ഞ് ഇടത് കൗണ്‍സിൽ അംഗങ്ങളും ചർച്ചയ്ക്കിടെ ഇറങ്ങിപ്പോയി. തുടർന്ന് പ്രതിപക്ഷത്തിന്റെ അസാന്നിധ്യത്തിലാണ് ബിജെപി ഭരണസമിതിയുടെ കന്നി ബജറ്റ് പാസാക്കിയത്.
കോർപറേഷന്റെ സ്വത്തുവകകൾ പണം കായ്ക്കുന്ന മരമായി കൊണ്ടുനടക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്ന് മേയർ അറിയിച്ചു. കോർപറേഷൻ കെട്ടിടങ്ങൾ അനധികൃതമായി കൈവശപ്പെടുത്തിയവർക്കെതിരെ നടപടി സ്വീകരിക്കും. കെട്ടിടങ്ങൾ കൈവശപ്പെടുത്തിയവർ നിയമപരമായ രീതിയിൽ കരാർ പുതുക്കണമെന്നും അല്ലാത്തപക്ഷം മറ്റ് നടപടികളിലേക്ക് പോകുമെന്നും മേയർ പറഞ്ഞു. ബജറ്റിലെ പിഴവുകൾ തിരുത്തി ഭേദഗതി ചെയ്തുവെന്നും കൗണ്‍സിലർമാർ ചൂണ്ടിക്കാട്ടിയ നിർദേശങ്ങൾ കൂട്ടിച്ചേർത്തുവെന്നും വിവിധ പദ്ധതികളിൽ തുക കൂട്ടി വകയിരുത്തിയതായും ഡപ്യൂട്ടി മേയർ ആശാനാഥ് ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കി.