കോഴിക്കോട് കുറ്റിച്ചിറയിൽ കറാനി വീട്ടിൽ പുരാവസ്തുക്കളുടെ ശേഖരത്തിനൊപ്പം അബ്ദുൾ ജബ്ബാർ.
കോഴിക്കോട്: നൂറുവർഷം പഴക്കമുള്ള തപാൽപ്പെട്ടി, ഗ്രാമഫോണുകൾ, വിവിധ തരത്തിലുള്ള റാന്തലുകൾ, പഴമയുടെ ശേഖരങ്ങളാല് സമ്പന്നമാണ് കുറ്റിച്ചിറയിലെ 69കാരനായ അബ്ദുൾ ജബ്ബാറിന്റെ കറാനി വീട്...
അപൂർവവും പുരാതനവുമായ വസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. പുരാവസ്തുക്കൾ മാത്രമല്ല, പഴയ ഫർണിച്ചറുകൾ, ഒരു നയാ പൈസ മുതൽ 1000 രൂപയുടെ വരെയുള്ള കമനീയമായ നാണയശേഖരം, പഴയകാല ക്ലോക്കുകള് എന്നിവയും കറാനി വീടിന്റെ അകത്തളങ്ങളെ പുതിയ കാലത്ത് കാണാക്കാഴ്ചകളുടെ ഇടമാക്കുന്നു.
ഈ പുരാവസ്തുക്കളെല്ലാം സൂക്ഷിച്ചുവെച്ചിരിക്കുന്ന അബ്ദുൾ ജബ്ബാറിന്റെ വീടിന് നൂറ് വർഷത്തിലധികം പഴക്കമുണ്ട്.കുട്ടിക്കാലം മുതൽ അബ്ദുൾ ജബ്ബാറിന് ഇത്തരം വസ്തുക്കൾ ശേഖരിക്കുന്നതിന് കമ്പമുണ്ടായിരുന്നു. 40 വർഷത്തോളമായി അബ്ദുൾ ജബ്ബാർ പുരാവസ്തു ശേഖരണം തുടങ്ങിയിട്ട്.
ആദ്യമായി താൻ ശേഖരിച്ച വസ്തു 1923ൽ നിർമിച്ച ചിമ്മണി വിളക്കാണെന്ന് അബ്ദുൾ ജബ്ബാർ പറയുന്നു. 1986ൽ ഈ വിളക്ക് അദ്ദേഹം വില കൊടുത്ത് വാങ്ങിക്കുകയായിരുന്നു. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യം കണ്ടറിഞ്ഞ് അദ്ദേഹത്തിന്റെ നിരവധി സുഹൃത്തുക്കൾ പലതരത്തിലുള്ള വസ്തുക്കൾ കൊണ്ടുവന്ന് കൊടുക്കാറുണ്ട്. തന്റെ ഹൃദയം കവർന്ന വസ്തുക്കൾ വാങ്ങുന്നതിനും വീട്ടിൽ സൂക്ഷിക്കുന്നതിനുമായി എത്രദൂരം വരെയും യാത്ര ചെയ്യാൻ ഈ പ്രായത്തിലും ഇദ്ദേഹത്തിന് മടിയില്ല.
പണ്ട് കാലങ്ങളിൽ കല്യാണ വീടുകളിൽ സ്ത്രീകൾ ഇരിക്കുന്നതിനായി ഉപയോഗിച്ചിരുന്ന 60 വർഷം പഴക്കമുള്ള മാസർ പലക മറ്റൊരു ആകർഷണമാണ്. ഏഴോളം പലകകൾ കൊണ്ടാണ് ഇത് നിർമിച്ചിരിക്കുന്നത്, ക്രിസ്ത്യൻ പള്ളികളിൽ ഉപയോഗിച്ചിരുന്ന മൂന്ന് മാമോദീസാ തൊട്ടികളും കറാനി വീട്ടിലുണ്ട്. അബ്ദുൾ ജബ്ബാറിന്റെ പുരാവസ്തുക്കളോടുള്ള താത്പര്യത്തിന് എല്ലാ പിന്തുണയുമായി ഭാര്യ മൈമൂനയും മക്കളായ അക്രം, അക്സർ, അറ്റ്ലർ, ആദിൻ എന്നിവരും ഒപ്പമുണ്ട്.
Tags : Local News Nattuvishesham Kozhikode