തൊടുപുഴ: നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന തൊടുപുഴ -പുളിയന്മല സംസ്ഥാന പാതയില്‍ മുട്ടം എന്‍ജിനിയറിംഗ് കോളജിനു സമീപം റോഡിന്റെ ഇരുവശങ്ങളിലും കാടും പടലും വളര്‍ന്നു നില്‍ക്കുന്നത് വാഹനയാത്ര ദുഷ്കരമാക്കുന്നു. ഈ പാതയില്‍ കാഴ്ചമറച്ച് ചെടികളും കുറ്റിക്കാടും വളര്‍ന്നു നില്‍ക്കുന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. റോഡിലേയ്ക്കു ചാഞ്ഞുനില്ക്കുന്ന വള്ളിപ്പടര്‍പ്പുകളും മരച്ചില്ലകളും മൂലം ഡ്രൈവര്‍മാര്‍ക്ക് കാഴ്ച തടസപ്പെടുകയാണ്.
കാട്ടുചെടികള്‍ വളര്‍ന്നു നില്ക്കുന്നതു മൂലം വളവുകളില്‍ എതിർ ദിശയില്‍നിന്നു വരുന്ന വാഹനങ്ങള്‍ കാണാന്‍ സാധിക്കാത്ത സ്ഥിതിയാണ്. കാല്‍നട യാത്രക്കാര്‍ക്കും ഇരുചക്ര വാഹനയാത്രികര്‍ക്കും ഇതു വലിയ ഭീഷണിയാകുന്നു, മഴക്കാലമായതോടെ കാട് വളര്‍ന്ന് റോഡിലേക്കു ചാഞ്ഞു. രാത്രികാലങ്ങളില്‍ വന്യമൃഗങ്ങള്‍ റോഡിലേക്കു കയറാനുള്ള സാധ്യതയും നാട്ടുകാര്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയിലെ പ്രധാന ടൂറിസം, വാണിജ്യപാതയായ ഈ റോഡിന്റെ വശങ്ങളിലെ കാട് വെട്ടിനീക്കി അപകടസാധ്യത ഒഴിവാക്കണമെന്നാണ് യാത്രക്കാരുടെയും ഡ്രൈവര്‍മാരുടെയും ആവശ്യം.
Tags : dangerous Nattuvishesham district news