പ്രതീകാത്മക ചിത്രം
തൊടുപുഴ: ഇന്നലെ ഉച്ചയ്ക്കു ശേഷം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ മഴ ശക്തമായി. ലോ റേഞ്ചിലാണ് മഴ കൂടുതല്‍ ശക്തി പ്രാപിച്ചത്.
തൊടുപുഴ താലൂക്കിലെ മിക്ക പഞ്ചായത്തുകളിലും മഴ ശക്തമായിരുന്നു. അതേസമയം മൂന്നാര്‍, കുമളി, വാഗമണ്‍ മേഖലകളിലെല്ലാം നേരിയ തോതിലാണ് മഴ ലഭിച്ചത്. ഇടുക്കി താലൂക്കിലും ഇന്നലെ മഴ കുറവായിരുന്നു.
കാലാവസ്ഥാ വകുപ്പിന്റെ പുതിയ കണക്കനുസരിച്ച് കഴിഞ്ഞദിവസം ജില്ലയില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് തൊടുപുഴ താലൂക്കിലും ഏറ്റവും കുറവ് ദേവികുളത്തുമാണ്. തൊടുപുഴ താലൂക്കില്‍ 42.4 മില്ലീമീറ്റര്‍ മഴ ലഭിച്ചപ്പോള്‍ ദേവികുളത്ത് 22.8 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. പീരുമേട് - 29.5, ഇടുക്കി - 38.6, ഉടുമ്പഞ്ചോല - 23.6 എന്നിങ്ങനെയാണ് മറ്റു താലൂക്കുകളില്‍ ലഭിച്ച മഴയുടെ കണക്ക്. വരും ദിവസങ്ങളില്‍ ജില്ലയില്‍ മഴ ശക്തമാകാനാണ് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
വീട് അപകടാവസ്ഥയില്‍
മൂലമറ്റം: കനത്ത മഴയില്‍ സംരക്ഷണഭിത്തി ഇടിഞ്ഞ് വീട് അപകടാവസ്ഥയിലായി. കാഞ്ഞാര്‍ - വാഗമണ്‍ റോഡില്‍ കൂവപ്പള്ളി കട്ടക്കല്‍ വളവില്‍ മാമ്പഴശേരി ഷാജുവിന്റെ വീടിന്റെ സംരക്ഷണഭിത്തിയാണ് തകര്‍ന്നത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്ന് വീണ്ടും മണ്ണിടിച്ചില്‍ ഉണ്ടാവാതെ ഇവിടെ പടുത വിരിച്ച് വെള്ളം കൂടുതല്‍ വീഴാതെ സംരക്ഷിച്ചു.
Tags : Nattuvishesham Local News Thodupuzha more rain