മദ്യപിച്ച് വാഹനമോടിക്കുന്ന ഡ്രൈവര്‍മാരെ പിടികൂടാന്‍ സ്വകാര്യബസുകളില്‍ തൊടുപുഴ പോലീസ് പരിശോധന നടത്തുന്നു.
തൊടുപുഴ: മദ്യപിച്ച് സ്വകാര്യബസ് ഓടിച്ച മൂന്നു ഡ്രൈവര്‍മാര്‍ പോലീസിന്റെ മിന്നല്‍ പരിശോധനയില്‍ കുടുങ്ങി. ബസ് ഡ്രൈവര്‍മാര്‍ ലഹരി ഉപയോഗിച്ചശേഷം വാഹനമോടിക്കുന്നതായി ലഭിച്ച വ്യാപക പരാതിയുടെ അടിസ്ഥാനത്തില്‍ തൊടുപുഴ ഡിവൈഎസ്പി സജി മര്‍ക്കോസിന്റെ നിര്‍ദേശപ്രകാരമാണ് പരിശോധന നടത്തിയത്.
തുഷാരം, മറിയം എന്നീ സ്വകാര്യബസുകളിലെ ഡ്രൈവര്‍മാരായ സജി അഗസ്റ്റിന്, അജിത് കുമാര്‍, പ്രിന്‍സ് ബേബി എന്നിവര്‍ക്കെതിരേയാണ് കേസെടുത്തത്. ഇവര്‍ക്ക് നോട്ടീസ് നല്‍കിയശേഷം ജാമ്യത്തില്‍ വിട്ടയച്ചു. ബസുടമകളെ വിളിച്ചുവരുത്തിയ ശേഷം മറ്റു ഡ്രൈവര്‍മാരെ ഉപയോഗിച്ചാണ് പിന്നീട് ബസുകള്‍ സര്‍വീസ് നടത്തിയത്. പിടിയിലായവരുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പിന് റിപ്പോര്‍ട്ട് നല്‍കുമെന്ന് പോലീസ് പറഞ്ഞു.
സ്വകാര്യ ബസുകള്‍ക്കു പുറമേ കെഎസ്ആര്‍ടിസി ബസുകളിലും പരിശോധന നടത്തി. റോഡപകടങ്ങള്‍ കുറയ്ക്കുന്നതിനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി വരുംദിവസങ്ങളിലും ഇത്തരത്തിലുള്ള പരിശോധനകള്‍ തുടരുമെന്ന് പോലീസ് അറിയിച്ചു.
എസ്ഐമാരായ ജോണ്സണ് സാമുവല്‍, എന്‍.എസ്. ഷാജി, എസ്സിപിഒമാരായ റിയാസ്, ഷെറൂണ്, ഡ്രൈവര്‍ ഷാജി ഗോപി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന നടത്തിയത്.
Tags : Nattuvishesham DistrictNews DeepikaNews drivers caught