ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന ദേവാലയത്തിന്റെ മുൻഭാഗത്തെ വഞ്ചിയും പൂട്ടുകളും തകർത്ത നിലയിൽ,
അടൂർ: ചന്ദനപ്പള്ളി സെന്റ് ജോർജ് തീർഥാടന കത്തോലിക്കാ ദേവാലയത്തിന്റെ മുൻഭാഗത്തെ ഗ്രോട്ടോയോടു ചേർന്ന ക്രിസ്തുരാജ രൂപത്തിന്റെയും വേളാങ്കണ്ണി മാതാവിന്റെ രൂപത്തിന്റെയും മുന്നിലെ വഞ്ചിയും പൂട്ടുകളും തകർത്തു മോഷണം നടത്തി. ഇടത്തിട്ടയിൽ സെന്റ് ജൂഡ് കുരിശടിയുടെ മുന്നിലെ വഞ്ചിയും തകർത്ത നിലയിൽ കണ്ടെത്തി.
ചന്ദനപ്പള്ളി – കൂടൽ റോഡിനോടു ചേർന്നു സ്ഥിതി ചെയ്യുന്ന ദേവാലയത്തിന്റെ മുൻഭാഗത്തായാണ് ഗ്രോട്ടോ. റോഡിലെ വെളിച്ചക്കുറവ് പരിഹരിക്കുന്നതിനായി ഇവിടെ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കുന്നതിന് എംഎൽഎ ഫണ്ടിലൂടെ ശ്രമം ആരംഭിച്ചിരുന്നെങ്കിലും ഇതേവരെ നടപടിയായിട്ടില്ല. തീർഥാടന കേന്ദ്രമായതിനാൽ വിവിധ ഭാഗങ്ങളിൽനിന്ന് നിരവധിയാളുകൾ എത്തുന്ന ദേവാലയമാണിത്. ഇടത്തിട്ടയിൽ ചന്ദനപ്പള്ളി ദേവാലയത്തിന്റേതായി സ്ഥിതി ചെയ്യുന്ന സെന്റ് ജൂഡ് കുരിശടിയുടെ വഞ്ചിയും തകർത്ത് പണം അപഹരിച്ചിട്ടുണ്ട്.
കൊടുമൺ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് അന്വേഷണം ഊർജിതമാക്കി.
Tags : District News Nattuvishesham Three offering boxes Chandanappally pilgrimage church