കോൺക്രീറ്റ് അടർന്ന് കമ്പികൾ തെളിഞ്ഞ മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം.
മുക്കൂട്ടുതറ: എരുമേലി പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുക്കൂട്ടുതറ ഷോപ്പിംഗ് കോംപ്ലക്സ് കെട്ടിടം അപകടാവസ്ഥയിലായിട്ടും പൊളിച്ചുനീക്കുന്നതിൽ കാലതാമസം തുടരുന്നതായി പരാതി. നിരവധി തവണ മേൽക്കൂരയിലെ കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീണ പഞ്ചായത്തിന്റെ വ്യാപാര സമുച്ചയത്തിന്റെ പ്രവർത്തനം നിർത്തിയിട്ടും കെട്ടിടം പൊളിച്ചു നീക്കിയില്ല.
ഇനി ഉണ്ടാകുന്ന അപകടങ്ങൾക്ക് പഞ്ചായത്ത് ഭരണസമിതിയായിരിക്കും ഉത്തരവാദിയെന്ന് അറിയിച്ച് കോടതിയിൽ ഹർജി നൽകാനുള്ള നീക്കത്തിലാണ് പൊതുപ്രവർത്തകൻ. അതേസമയം പൊളിക്കാൻ തീരുമാനിച്ചെന്നും നടപടികൾ വൈകുകയാണെന്നും പഞ്ചായത്ത് ഭരണസമിതി പറയുന്നു. നിലവിൽ കടമുറികൾ പഞ്ചായത്ത് ഒഴിപ്പിച്ചിരുന്നു. എന്നാൽ, കെട്ടിടത്തിന്റെ അടിയിലൂടെ മുക്കൂട്ടുതറ ടൗണിലേക്കും ചാത്തൻതറ, ഇടകടത്തി റോഡുകളിലേക്കും ആളുകൾ ദിവസവും നടന്നു പോകുന്നുണ്ട്. കൂടാതെ ചിലർ കെട്ടിടത്തിന്റെ തിണ്ണയിൽ വഴിയോര കച്ചവടം നടത്തുന്നുമുണ്ട്.
അതേസമയം കെട്ടിടം പൊളിച്ചു നീക്കാൻ പഞ്ചായത്ത് കമ്മിറ്റി കഴിഞ്ഞയിടെ തീരുമാനം എടുത്തിരുന്നെന്നും കെട്ടിടത്തിന്റെ മൂല്യ നിർണയമാണ് ഇനി നടത്തേണ്ടതെന്നും ഭരണസമിതി പറയുന്നു. ഇതിന് ശേഷം കെട്ടിടം പൊളിച്ചു നീക്കുന്നതിന് ടെൻഡർ നൽകണം. പൊളിച്ചു നീക്കിയ ഭാഗത്ത് പുതിയ വ്യാപാര സമുച്ചയം നിർമിക്കുന്നതിന് നിലവിൽ പദ്ധതി തയാറാക്കി ഭരണാനുമതിയും സാങ്കേതിക അനുമതിയും നേടേണ്ടതുണ്ട്. ഒപ്പം ഫണ്ട് കണ്ടെത്തണം. പുതിയ കെട്ടിടം നിർമിക്കുന്നതിന് മുക്കൂട്ടുതറ ടൗണിന്റെ വികസനം കൂടി ഉദ്ദേശിക്കുന്ന പ്ലാൻ ആണ് ആഗ്രഹിക്കുന്നതെന്ന് പഞ്ചായത്ത് വികസന കാര്യ സമിതി അധ്യക്ഷൻ നാസർ പനച്ചി പറഞ്ഞു. ബസ് സ്റ്റാൻഡ്, ബസ് കാത്തിരിപ്പ് കേന്ദ്രം, കംഫർട്ട് സ്റ്റേഷൻ, പുതിയ പഞ്ചായത്ത് ആകുമ്പോൾ ഒരുക്കേണ്ട പഞ്ചായത്ത് ഓഫീസ് എന്നിവ ഉൾപ്പടെ സമഗ്രമായ രൂപരേഖയും പ്ലാനും ആണ് വേണ്ടതെന്ന് നാട്ടുകാർ ആവശ്യം ഉന്നയിച്ചിട്ടുണ്ടെന്നും ഇത് മുൻനിർത്തി സമഗ്രമായ പ്ലാൻ ആണ് ആഗ്രഹിക്കുന്നതെന്നും നാസർ പനച്ചി പറഞ്ഞു.
എന്നാൽ, നിലവിലുള്ള പഴയ കെട്ടിടം പൊളിച്ചു നീക്കാൻ വൈകും തോറും അപകട സാധ്യത കൂടുകയാണെന്ന് വ്യാപാരി സംഘടന ഭാരവാഹികൾ ആരോപിക്കുന്നു.
Tags : Local News Nattuvishesham shopping complex