ചാരുംമൂട് ജംഗ്ഷന് തെക്ക് ഭാഗത്തുകൂടിയുള്ള കെഐപി കനാലിൽ ശുചിമുറി മാലിന്യം തള്ളിയപ്പോൾ.
ചാരുംമൂട്: കല്ലട ജലസേചനപദ്ധതിയുടെ ചാരുംമൂട് മേഖലയിലൂടെ കടന്നുപോകുന്ന കെഐപി കനാലിലെ വെള്ളത്തിൽ ശുചിമുറി മാലിന്യമടക്കം തള്ളുന്നത് വ്യാപകമായി . കഴിഞ്ഞദിവസം പുലർച്ചെ ചാരുംമൂട് ജംഗ്ഷന് തെക്ക് ഭാഗത്തുകൂടിയുള്ള കെഐപി കനാലിലാണ് ശുചിമുറി മാലിന്യം തള്ളിയത്.
ടാങ്കർലോറിയിൽനിന്ന് മാലിന്യം കനാലിലേക്കു തള്ളിക്കൊണ്ടിരിക്കുമ്പോൾ ആളുകൾ അതുവഴിയെത്തിയതിനാൽ ലോറി വേഗത്തിലോടിച്ച് ഡ്രൈവറടക്കം സ്ഥലത്തുനിന്നു മുങ്ങി. ആദിക്കാട്ടുകുളങ്ങരയിലും കഴിഞ്ഞദിവസം കനാലിൽ കക്കൂസ് മാലിന്യം തള്ളി.
രാത്രിയുടെ മറവിലാണ് ടാങ്കറുകളിൽ കൊണ്ടുവന്ന് മാലിന്യം തള്ളുന്നത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെ കനാലിൽ മാലിന്യംതള്ളുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കു കാരണമാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
കനാലിൽനിന്നുള്ള വെള്ളം ഉറവയായി സമീപത്തുള്ള കിണറുകളിലെത്തുന്നുണ്ട്. കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിന് ഇതു സഹായകമാണ്. കനാലിലെ വെള്ളം പമ്പുചെയ്തു ടാങ്കറുകളിൽ കുടിവെള്ള വിതരണത്തിനായും കൊണ്ടുപോകുന്നുണ്ട്. കനാലിന്റെ വശങ്ങളിലുള്ള കിണറുകളിലെ വെള്ളം മുമ്പ് ഗുണനിലവാര പരിശോധന നടത്തിയപ്പോൾ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെക്കൂടിയിരുന്നതായി കണ്ടെത്തിരുന്നു.
കെപി റോഡിനു സമാന്തരമായാണ് ആദിക്കാട്ടുകുളങ്ങര മുതൽ ചാരുംമൂട് വരെ കെഐപി കനാൽ കടന്നുപോകുന്നത്. പ്രധാന കനാലിൽ നിന്നു നിരവധി ഉപകനാലുകളുമുണ്ട്. കനാലിന്റെ വശങ്ങൾ പലയിടത്തും കാടുപിടിച്ചു കിടക്കുകയാണ്. ഈ ഭാഗങ്ങളിൽ ഇറച്ചിമാലിന്യവും പാഴ്വസ്തുക്കളുമടക്കം രാത്രിയിൽ കൊണ്ടുവന്നു തള്ളുന്നതും പതിവാണ്.
കനാൽ റോഡുവഴി യാത്ര ചെയ്യുന്ന സ്കൂൾകുട്ടികളടക്കമുള്ള പ്രദേശവാസികൾക്ക് സഞ്ചരിക്കാൻ കഴിയാത്ത തരത്തിൽ ദുർഗന്ധം വമിക്കുന്നുണ്ട്. മാംസാവശിഷ്ടങ്ങൾ കാക്കകളും മറ്റും കൊത്തിയെടുത്ത് സമീപത്തുള്ള വീടുകളിലെ കിണറുകളിലും പറമ്പുകളിലും കൊണ്ടിടുന്നതും ആരോഗ്യപ്രശ്നങ്ങളുണ്ടാക്കുന്നു.
പഞ്ചായത്ത് -ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും പോലീസും കല്ലട ജലസേചനവകുപ്പ് ഉദ്യോഗസ്ഥരും മാലിന്യംതള്ളുന്ന സാമൂഹ്യ വിരുദ്ധരെ കണ്ടെത്തുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും കനാൽ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നിരീക്ഷണ കാമറകൾ സ്ഥാപിക്കണമെന്നും പ്രദേശവാസികൾ ആവശ്യപ്പെടുന്നു.
Tags : Toilet waste nattuvishesham local news