പേരൂര്‍ക്കട: മ്യൂസിയം-നന്തന്‍കോട് റോഡില്‍ ശുചിമുറി മാലിന്യം പൊട്ടിയൊഴുകുന്നതു വാഹനയാത്രികര്‍ക്കും വഴിയാത്രികര്‍ക്കും ദുരിതമാകുന്നു. ദിവസങ്ങളായി മാലിന്യം 50 മീറ്ററോളം ദൂരത്തിൽ റോഡിലൂടെ ഒഴുകുന്നുണ്ട്. ഇതുമൂലം പ്രദേശമാകെ ദുര്ഗന്ധപൂരിതമായിട്ടുണ്ട്.
റോഡിലെ ഇറക്കത്തില്‍ അടുത്തിടെ പൈപ്പു പൊട്ടി അറ്റകുറ്റപ്പണി ചെയ്ത ഭാഗത്തു മണ്ണിട്ടുമൂടി വാട്ടര്‍ അഥോറിറ്റി സേഫ്റ്റി കോണുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇതിനുസമീപത്തു മാലിന്യമെത്തി മണ്ണില്‍ കുഴഞ്ഞുകിടക്കുന്നതാണു വാഹനയാത്രികരെ ബുദ്ധിമുട്ടിക്കുന്നത്. ശുചിമുറികളിൽനിന്നു രാപ്പകല്‍ഭേദമില്ലാതെ മാലിന്യം ഒഴുകിയിട്ടും അധികൃതര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല.
ശുചിമുറിമാലിന്യ പൈപ്പിലെ തടസം കണ്ടെത്തി പ്രശ്നം പരിഹരിക്കാത്തതിനാല്‍ വാഹനങ്ങളുടെ ടയറില്പ്പെട്ടു ദൂരങ്ങളിലേക്കും മാലിന്യം എത്തിച്ചേരുന്നുണ്ട്. ഇതു വ്യാപാരികള്‍ക്കും ദുരിതമായിട്ടുണ്ട്.
Tags : Toilet waste overflowing