കുറുപ്പന്തറയില്‍ നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിക്കുന്നു.
കുറുപ്പന്തറ: ലഹരിക്കും ലഹരിയുടെ വ്യാപാരികള്ക്കുമെതിരെയുള്ള ശക്തമായ താക്കീതുമായി "തൂഫാന് സേവ്യേഴ്സ് ടുകെ 26' എന്ന പേരില്‍ കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് സ്കൂളിലെ വിദ്യാര്‍ഥികള്‍. ലഹരിക്കെതിരേ യുവജനങ്ങളെ ബോധവത്കരിക്കുന്നതിനായി വിദ്യാര്‍ഥികളും അധ്യാപകരും മുന്നിട്ടറിങ്ങിയപ്പോള്, പഞ്ചായത്തധികൃതരും നാടും നാട്ടുകാരുമെല്ലാം ഇവര്‍ക്കൊപ്പം അണിചേരുകയായിരുന്നു. കുറുപ്പന്തറ സെന്റ് സേവ്യേഴ്സ് വിഎച്ച്എസ് സ്കൂളിന്റെ നേതൃത്വത്തിലാണ് ലഹരിക്കെതിരേ ബോധവത്കരണവുമായി നാടൊന്നിച്ചത്. ഓപ്പറേഷന് തൂഫാന്റെ ഭാഗമായി വിദ്യാര്‍ഥികള്‍ കടുത്തുരുത്തിയിലും കുറുപ്പന്തറയിലും ലഹരിക്കെതിരെയുള്ള ബോധവത്കരണത്തിനായി ഫ്ളാഷ് മോബും അവതരിപ്പിച്ചു.
കിക്ക് ഡ്രഗ്സ് ഔട്ട് സേവ് ഡ്രീംസ് റണ്‍ എന്ന പേരിലാണ് ലഹരിക്കെതിരേ പരിപാടി നടത്തിയത്. കടുത്തുരുത്തി ടൗണില്‍ നടന്ന പരിപാടി കടുത്തുരുത്തി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ദീപ ഇന്ദുചൂഡന് ഉദ്ഘാടനം ചെയ്തു. കടുത്തുരുത്തി സെന്റ് മേരീസ് ഫൊറോന താഴത്തുപള്ളി വികാരി ഫാ.ജോണ്‍ പാളിത്തോട്ടം അധ്യക്ഷത വഹിച്ചു.
കുറുപ്പന്തറ ജംഗ്ഷനില്‍ നടന്ന പരിപാടിയുടെ ഉദ്ഘാടനം നാട്ടകം സുരേഷ് എംഎല്‍എ നിര്‍വഹിച്ചു. മാഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സുനു ജോര്‍ജ് സന്ദേശം നല്കി. തുടര്‍ന്ന് നൂറുകണക്കിന് നാട്ടുകാരുടെ സഹകരണത്തോടെ വിളംബരറാലിയും നടന്നു. റാലിയുടെ സമാപനം മണ്ണാറപ്പാറ സെന്റ് സേവ്യേഴ്സ് പള്ളി ജംഗ്ഷനില്‍ നടന്നു. സ്കൂള്‍ മാനേജര്‍ ഫാ. ഏബ്രഹാം വഞ്ചിപ്പുരയ്ക്കല്‍ അധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പൽ അനൂപ് കെ. സെബാസ്റ്റ്യന്‍, പൂര്‍വവിദ്യാര്‍ഥി സംഘടനയുടെ (എഎഎസ്കെ) പ്രസിഡന്റ് കെ.എം. രാജു, വ്യാപാരികളുടെ പ്രതിനിധി ജോണ്‍ പോള്‍ എന്നിവർ പ്രസംഗിച്ചു.
Tags : Nattuvishesham DistrictNews DeepikaNews against drugs.