ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തടിയമ്പാട് നടന്ന റാലി.
ചെറുതോണി: സംസ്ഥാന സർക്കാരിന്റെ തൂഫാൻ നാർക്കോ ഹണ്ട് മയക്കുമരുന്ന് വിരുദ്ധ പോരാട്ട പ്രവർത്തനങ്ങൾ വിജയഗാഥ രചിച്ചു മുന്നോട്ട് പോവുകയാണെന്ന് ഉമ തോമസ് എംഎൽഎ. ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ച ഓപ്പറേഷൻ തൂഫാന്റെ ഭാഗമായുള്ള "തൂഫാൻ തദ്ദേശം പദ്ധതി' ഉദ്ഘാടനം ചെയ്യുകയായിരുന്നു എംഎൽഎ.
ആഭ്യന്തര വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ മയക്കുമരുന്ന് വ്യാപനത്തിനെതിരേ വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും ഇത് രാജ്യത്തിനു മാതൃകയാണെന്നും എംഎൽഎ പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളെയും ഗ്രാമസഭകളെയും പങ്കാളികളാക്കിസർക്കാർ ആരംഭിച്ചിട്ടുള്ള തൂഫാൻ തദ്ദേശം പദ്ധതിവഴി രാജ്യത്തെ ആദ്യത്തെ മയക്കുമരുന്ന് നിർമാർജന സംസ്ഥാനമായി കേരളം മാറുകയാണ്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി പതാക ഉയർത്തി. വൈസ് പ്രസിഡന്റ് എ.പി. ഉസ്മാൻ, ഡിവൈഎസ്പി കെ.ആർ. മോഹൻദാസ്, സർക്കിൾ ഇൻസ്പെക്ടർ ജോബി ജോസ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ വി.എ. ഉലഹന്നാൻ, മോളി ടോമി, സെക്രട്ടറി ഷൗജമോൾ പി. കോയ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികളായ ബിജു നിള, സ്റ്റീഫൻ ജോർജ്, കെ.കെ. സുബി തുടങ്ങിയവർ പ്രസംഗിച്ചു.
പൈനാവ് ഏകലവ്യ മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികളുടെ ബാൻഡ് മേളത്തിന്റെ അകമ്പടിയോടെ ബ്ലോക്ക് ഓഫിസ് പരിസരത്തുനിന്നാരംഭിച്ച റാലിയിൽ നൂറുകണക്കിനാളുകൾ പങ്കെടുത്തു. തടിയമ്പാട് ടൗൺ ചുറ്റി നടത്തിയ റാലിക്ക് ജനപ്രതിനിധികളായ ടെസി തങ്കച്ചൻ, മാത്യു സെബാസ്റ്റ്യൻ, കെ.കെ. അജിത്കുമാർ, സിഡിപിഒ ഡോണ വിജയൻ, ജോയിന്റ് ബിഡിഒ ഗിരീഷ്കുമാർ, ബിജുമോൻ ഏബ്രഹാം തുടങ്ങിയവർ നേത്യത്വം നൽകി.