കുട്ടിക്കാനം: കുട്ടിക്കാനം മരിയൻ കോളജ് (ഓട്ടോണമസ്) സ്കൂൾ ഓഫ് സോഷ്യൽ വർക്ക് എംഎസ് ഡബ്ല്യു പ്രോഗ്രാം വിദ്യാർഥികളുടെ നേതൃത്വത്തിൽ "നിങ്കയും നാങ്കയും- പൈതൃക വഴിയിലൂടെ’ എന്ന പേരിൽ രാജപുരം കമ്യൂണിറ്റി ഹാളിൽ ടൂറിസം വികസന ബോധവത്കരണ ക്ലാസ് നടത്തി.
കോവിൽമലയിലെ ടൂറിസം വികസനത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുകയും പ്രദേശത്തിന്റെ പ്രകൃതിസൗന്ദര്യം, സംസ്കാരം, വിഭവങ്ങൾ എന്നിവ സംരക്ഷിക്കുന്നതിൽ സമൂഹ പങ്കാളിത്തം വർധിപ്പിക്കുകയുമായിരുന്നു പരിപാടിയുടെ പ്രധാന ലക്ഷ്യം.
പ്രാദേശിക സമൂഹത്തിനുള്ളിൽ ടൂറിസം വികസനവുമായി ബന്ധപ്പെട്ട അവസരങ്ങളും ഉത്തരവാദിത്വങ്ങളും സംബന്ധിച്ച അവബോധം സൃഷ്ടിക്കാനും പരിപാടി സഹായകമായി. വാർഡ് മെംബർ ജെയ്മോൻ ഉദ്ഘാടനം നിർവഹിച്ചു.
കോവിൽമല രാജാവ് രാമൻ രാജമന്നൻ അധ്യക്ഷത വഹിച്ചു. മരിയൻ കോളജ് സ്കൂൾ ഓഫ് സോഷ്യൽ വർക്ക് വിഭാഗം മേധാവി അജേഷ് പി. ജോസഫ്, ജിസണ് ജയിംസ്, ബാലൻ ചക്കൻ, മരിയൻ കോളജ് വൈസ് പ്രിൻസിപ്പൽ ഫാ. ഡോ. കെ.എസ്. ഷൈജു, ഗോപിക ബാലൻ എന്നിവർ പ്രസംഗിച്ചു.