മുഹമ്മ: ആലപ്പുഴയ്ക്ക് സ്വപ്നം കാണാന്‍ കഴിയുന്നതിനപ്പുറം വികസനം പാതിരാമണല്‍ കൊണ്ടുവരുമെന്ന് മന്ത്രി ഗണേഷ്കുമാര്. പാതിരാമണല്‍ ദ്വീപില്‍ നടപ്പാക്കുന്ന കുട്ടനാട് സഫാരി, ആംഫി തിയറ്റര്‍, സോളാര്‍ ബോട്ട് എന്നിവയുടെ ഉദ്ഘാടനം പാതിരാമണല്‍ ദ്വീപില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ടൂറിസത്തില്‍ അപാരസാധ്യതകള്‍ ഒളിഞ്ഞുകിടക്കുന്ന ദ്വീപാണ് പാതിരാമണല്‍. മുഹമ്മ പഞ്ചായത്തിന് വലിയൊരു വരുമാനമാര്‍ഗമാണ് ദ്വീപിലെ ടൂറിസം വികസനം കൊണ്ടുവരുക.
മുന്‍പൊരിക്കല്‍ താനും ഭാര്യയും പാതിരാമണലില്‍ ഊഞ്ഞാലില്‍ ആടുന്ന വീഡിയോ കേരളമൊട്ടാകെ വലിയ വാര്‍ത്തയായി. ടൂറിസം രംഗത്ത് പാതിരാമണലിനുള്ള സാധ്യതയാണ് അത് അടയാളപ്പെടുത്തിയത്. അന്നുമുതല്‍ മനസില്‍ ചേക്കേറിയതാണ് ദ്വീപിന്റെ വികസനം.
ഇപ്പോള്‍ അതിനൊരു അവസരം കിട്ടി. ആരെല്ലാം അകന്ന് നിന്നാലും ദ്വീപിലേക്ക് കേരളത്തിന്റെ എല്ലാ മേഖലകളില്‍ നിന്നും ആളെ കൊണ്ടുവരും. കെഎസ്ആര്‍ടിസിയുടെ ടൂറിസം സര്‍വീസുകളുമായി ബന്ധപ്പെടുത്തി ദ്വീപിന്റെ വികസന സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കും. അതിനുള്ള പദ്ധതികളാണ് ദ്വീപില്‍ നടപ്പാക്കുന്നത്. ഈ വികസന പദ്ധതി കണ്ണിലെ കൃഷ്ണമണി പോലെ കാത്തുസൂക്ഷിക്കണ്ട ചുമതല നാട്ടുകാര്‍ക്കാണ്. ആരെങ്കിലും എതിര്‍ക്കാന്‍ വന്നാല്‍ നാട്ടുകാര്‍ എതിര്‍ക്കണമെന്നും മന്ത്രി പറഞ്ഞു