ടി.സി. മാത്യു വിഷയാവതരണം നടത്തുന്നു.
തൊടുപുഴ: അന്തര്‍ദേശീയ ടൂറിസം ദിനാചരണത്തോടനുബന്ധിച്ച് തൊടുപുഴ ഉപാസന സാംസ്കാരിക കേന്ദ്രത്തില്‍ സിമ്പോസിയം സംഘടിപ്പിച്ചു. തൊടുപുഴയുടെയും പരിസര പ്രദേശങ്ങളുടെയും ടൂറിസം വികസന സാധ്യതകളും വെല്ലുവിളികളുമാണ് ചര്‍ച്ച ചെയ്തത്. ടൂറിസം, വ്യാപാരം, ഹോട്ടല്‍ വ്യവസായം, ചെറുകിട വ്യവസായം, ടൂര്‍ ഓപ്പറേറ്റിംഗ് തുടങ്ങി വിവിധ മേഖലകളില്‍നിന്നുള്ളവര്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള് ബോര്‍ഡ് മുന്‍ വൈസ് പ്രസിഡന്റ് ടി.സി. മാത്യു സിമ്പോസിയം നയിച്ചു. തൊടുപുഴയില്‍ ടൂറിസത്തിന് അനുകൂലമായ നിരവധി ഘടകങ്ങളുണ്ടെന്നും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തിയാല്‍ മേഖലയില്‍ വലിയ മുന്നേറ്റം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. ഉപാസന ഡയറക്ടര്‍ ഫാ. ജോണ്സണ് പാലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ഇടുക്കിയുടെ പ്രവേശനകവാടമെന്ന നിലയില്‍ തൊടുപുഴയ്ക്ക് ടൂറിസം മേഖലയില്‍ ഇനിയും ഏറെ മുന്നേറാനുണ്ടെന്ന് തൊടുപുഴ മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് പി.എ. സലിംകുട്ടി പറഞ്ഞു. തൊടുപുഴയെയും പരിസരപ്രദേശങ്ങളെയും പ്രാദേശിക വിഭവങ്ങള്‍ ഉള്‍പ്പെടുത്തി മികച്ച ഫുഡ് ഹബ്ബായി വികസിപ്പിക്കാനുള്ള സാധ്യതകള്‍ പ്രയോജനപ്പെടുത്തണമെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് ഫുഡ് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം.എന്‍. ബാബു നിര്‍ദേശിച്ചു. ചെറുകിട വ്യവസായ അസോസിയേഷന് ജില്ലാ പ്രസിഡന്റ് വി. സുനില്‍കുമാര്‍, ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ മുന്‍ സെക്രട്ടറി കെ.വി. ഫ്രാന്‍സിസ് , ഗ്ലോബല്‍ ടൂര്‍ ഓപ്പറേറ്റര്‍ മാത്യു കണ്ടിരിക്കല്‍, ജോസ് ചുവപ്പുങ്കല്‍, ഉപാസന സെക്രട്ടറി ഡോ. സാബു വര്‍ഗീസ്, ജോയിന്റ് സെക്രട്ടറി തോമസ് കുണിഞ്ഞി എന്നിവര്‍ പ്രസംഗിച്ചു.