ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി അധികൃതർ കുരിശുങ്കൽ ജംഗ്ഷൻ സന്ദർശിച്ച് പരിശോധന നടത്തുന്നു.
കാഞ്ഞിരപ്പള്ളി: ഗതാഗത പരിഷ്കരണത്തിന്റെ ഭാഗമായി അധികൃതർ കാഞ്ഞിരപ്പള്ളി ടൗണിലെ വിവിധയിടങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി. കുരിശുങ്കൽ ജംഗ്ഷൻ, പേട്ടക്കവല, ബസ് സ്റ്റാൻഡ് ജംഗ്ഷൻ, ടിവിഎസ് റോഡ് എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടത്തിയത്.
പഞ്ചായത്ത് പ്രസിഡന്റ് സുനി ജോസഫ്, വൈസ് പ്രസിഡന്റ് സുനില്‍ തേനംമാക്കല്‍, കാഞ്ഞിരപ്പള്ളി എസ്എച്ച്ഒ സി.കെ. മനോജ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡന്റ് ബെന്നിച്ചന് കുട്ടൻചിറ, പഞ്ചായത്തംഗങ്ങൾ, പിഡബ്ല്യുഡി, മോട്ടോര്‍ വാഹന വകുപ്പ്, എൻഎച്ച്, റവന്യു തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. വിവിധ വകുപ്പ് മേധാവികളുടെ നേതൃത്വത്തില്‍ ചർച്ച നടത്തിയ ശേഷം ഗതാഗത പരിഷ്കരണങ്ങൾ അറിയിക്കുമെന്ന് അധികൃതർ പറഞ്ഞു.
കഴിഞ്ഞ ദിവസം പഞ്ചായത്തിൽ ഗതാഗത പരിഷ്കരണ യോഗം നടത്തിയിരുന്നു. യോഗത്തില്‍ കാഞ്ഞിരപ്പള്ളി കുരിശുങ്കല്‍ മുതല്‍ പൂതക്കുഴി വരെ നീണ്ടു നില്ക്കുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനായി വിവിധ നിര്‍ദേശങ്ങള്‍ ഉയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന നടത്തിയത്.