മാത്താംകരി-കാളത്തോടിനു കുറുകെ വീപ്പത്തോണിയില് യാത്രചെയ്യുന്നവര്‍.
കടുത്തുരുത്തി: കാലങ്ങളായി മാത്താംകരി പാടശേഖരത്തിലെ പുറംബണ്ടില്‍ താമസിക്കുന്ന പത്തു കുടുംബങ്ങളുടെയും കര്‍ഷകരുടെയും യാത്രാക്ലേശത്തിന് പരിഹാരം വേണമെന്ന ആവശ്യം ശക്തം. കടുത്തുരുത്തി പഞ്ചായത്തിലെ 16-ാം വാര്‍ഡായ എഴുമാന്തുരുത്തില്പ്പെട്ട നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ട പ്രദേശമാണിത്. 125 ഏക്കര്‍ വരുന്ന പാടശേഖരമാണ് മാത്താംകരി. വീപ്പത്തോണിയിലൂടെ മാത്താംകരി-കാളത്തോടിനു മറുകരയെത്തി വേണം ഇവര്‍ക്കു പുറംലോകവുമായി ബന്ധപ്പെടാന്‍. മറുകരയെത്തി എഴുമാന്തുരുത്ത് കിഴക്കേപ്പുറം പാടശേഖരത്തിന്റെ ബണ്ടിലൂടെ അര കിലോമീറ്റര്‍ സഞ്ചരിച്ചുവേണം പ്രധാന റോഡിലേക്കെത്താന്‍.
ഒരു വശത്തെക്കു പോയാല്‍ എഴുമാന്തുരുത്ത് ഷാപ്പുപടിയിലേക്കും മറുവശത്തേക്കു പോയാല്‍ പുലിത്തുരുത്ത് ചാലിത്രക്കടവ് ഭാഗത്തേക്കും എത്താനാകും. കുട്ടികൾക്ക് സ്കൂളില്‍ പോകണമെങ്കില്‍ മറുകരയെത്താന്‍ ഈ വീപ്പത്തോണി മാത്രമാണ് ആശ്രയം. ഇവിടെയുള്ള താമസക്കാര്‍ ചേര്‍ന്നാണ് വീപ്പത്തോണി നിര്‍മിച്ചത്. പത്തു വര്‍ഷം മുമ്പുവരെ യാത്രയ്ക്കായി ഇവിടെ പഞ്ചായത്തുവക കടത്തുവള്ളം ഉണ്ടായിരുന്നു. പിന്നീടത് നിന്നുപോകുകയായിരുന്നു.
മാത്താംകരിയുടെ വടക്കുഭാഗത്ത് തൊട്ടിപ്പറമ്പ് തോടും കിഴക്കുഭാഗത്ത് കാരക്കല്തോടും മറ്റൊരുഭാഗത്ത് പുലിത്തുരുത്ത് തോടുമാണുള്ളത്. പാടവരമ്പത്തു കൂടെ രണ്ടു കീലോമീറ്ററോളം സഞ്ചരിച്ചാല്‍ കാല്‍നടയായി ഇവര്‍ക്ക് മധുരവേലി-എഴുമാന്തുരുത്ത് റോഡിലെ തുരുത്ത് ഭാഗത്തേക്ക് എത്താനാകും.
ഇവിടെയുള്ള ബണ്ട് മാത്രമാണ് പുറംലോകവുമായി മാത്താംകരിയെ നേരിട്ട് ബന്ധിപ്പിക്കുന്നുള്ളൂ. എന്നാല്‍, ഇതുവഴിയുള്ള സഞ്ചാരം കൃഷി നടക്കുന്ന കാലത്ത് പാടശേഖരത്തിന്റെ വരമ്പില്‍ക്കൂടി മാത്രമേ സാധ്യമാകൂവെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.
മാത്താംകരി പാടശേഖരത്തേക്കു നെല്‍ക്കൃഷിക്കായി വിത്തും വളവുമെല്ലാമായി ഭൂരിഭാഗം കര്‍ഷകരും വീപ്പത്തോണിയുള്ള ഭാഗത്തുകൂടിയാണ് സഞ്ചരിക്കുന്നത്. മാത്താംകരിയിലേക്കു റോഡും പാലവും നിര്‍മിക്കണമെന്നാവശ്യപ്പെട്ട് മന്ത്രിമാര്‍ക്കും എംഎല്‍എയ്ക്കും നിവേദനം നല്‍കിയതായി പഞ്ചായത്തംഗം പി.ഡി. ബാബു പറഞ്ഞു.
Tags : Local News Nattuvishesham Kottayam