കാർത്തികപ്പള്ളി തോട്ടിലേക്ക് മരച്ചില്ലകൾ വെട്ടിയിട്ടിരിക്കുന്നു.
ഹരിപ്പാട്: കൊപ്പാറ-കാർത്തികപ്പള്ളി തോട്ടിൽ കല്ലേലിൽപ്പടി ഭാഗത്ത് മരങ്ങളുടെ ചില്ലകൾ വെട്ടിയിട്ടതിനെതുടർന്ന് നീരൊഴുക്ക് പൂർണമായും തടസപ്പെട്ടു. ഹരിപ്പാട് നഗരസഭയെയും കുമാരപുരം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന കല്ലേലിൽപ്പടി പാലത്തിന് സമീപമാണ് ദുരിതാവസ്ഥ. നഗരസഭ ഒന്നാം വാർഡിൽ തോടിന് സമീപമുള്ള സ്വകാര്യവ്യക്തിയുടെ പുരയിടത്തിലെ മരങ്ങൾ വെട്ടിയശേഷമാണ് ചില്ലകൾ തോട്ടിലേക്ക് തള്ളിയത്.
കഴിഞ്ഞദിവസങ്ങളിലെ ശക്തമായ മഴയെത്തുടർന്ന് തോട്ടിൽ ജലനിരപ്പുയർന്നിരിക്കുകയാണ്. ഒഴുക്ക് തടസപ്പെട്ട് വെള്ളം കെട്ടിനിൽക്കുന്നതിനാൽ വരും ദിവസങ്ങളിൽ മഴ കനത്താൽ കുമാരപുരം ആറാം വാർഡിന്റെ വടക്കൻ ഭാഗങ്ങളിലെ വീടുകളിലേക്ക് വെള്ളം കയറുമെന്ന ഭീതിയിലാണ് പ്രദേശവാസികൾ.
തോട്ടിൽനിന്ന് മരച്ചില്ലകളും മാലിന്യങ്ങളും നീക്കം ചെയ്യണമെന്ന് കുമാരപുരം പഞ്ചായത്ത് ആറാം വാർഡ് അംഗവും പ്രദേശവാസികളും പലതവണ വസ്തു ഉടമയോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ആക്ഷേപമുണ്ട്. നീരൊഴുക്ക് നിലച്ചതോടെ ഈ ഭാഗത്ത് രാത്രികാലങ്ങളിൽ പ്ലാസ്റ്റിക്കും അറവുമാലിന്യങ്ങളും ഉൾപ്പെടെയുള്ളവ വ്യാപകമായി നിക്ഷേപിക്കപ്പെടുന്നുണ്ട്. ഇതോടെ പ്രദേശം കടുത്ത ആരോഗ്യഭീഷണിയിലുമായി.
ചെറുതനയിൽനിന്ന് ആരംഭിച്ച് കരുവാറ്റ, കുമാരപുരം, കാർത്തികപ്പള്ളി എന്നീ നാല് പഞ്ചായത്തുകളിലൂടെ ഒഴുകി കായംകുളം കായലിന്റെ ഭാഗമായ പൂത്തോട്ടിലാണ് ഈ തോട് ചെന്നുചേരുന്നത്. ഒരുകാലത്ത് ഈ പ്രദേശങ്ങളിലെ ജലസേചനത്തിനും കാർഷിക ആവശ്യങ്ങൾക്കും ഏറെ നിർണായക പങ്കുവഹിച്ചിരുന്ന പ്രധാന ജലസ്രോതസായിരുന്നു കാർത്തികപ്പള്ളി തോട്.
എന്നാൽ, അധികൃതരുടെ അവഗണനമൂലം ഇന്ന് മലിനജലവും പ്ലാസ്റ്റിക് മാലിന്യങ്ങളും നിറഞ്ഞ അവസ്ഥയിലാണ് തോട്. അടിയന്തരമായി അധികൃതർ ഇടപെട്ട് തോട്ടിലെ മരക്കൊമ്പുകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്നും പ്രദേശത്തെ വെള്ളപ്പൊക്ക ഭീഷണിയിൽനിന്ന് രക്ഷിക്കണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.