പ്രതീകാത്മക ചിത്രം
കൊളത്തൂർ: വെങ്ങാട് ഇലിക്കോട് തെരുവുനായയുടെ ആക്രമണത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. ഇലിക്കോട് പന്തായിൽ ഷാനിലിന്റെ മകൾ അഞ്ചുവയസുകാരിയായ അനന്യ, ശിവമംഗലം ക്ഷേത്രത്തിന് സമീപം താമസിക്കുന്ന പരിയങ്ങാട്ട് ബാലസുബ്രഹ്മണ്യൻ (ബാബു - 49) എന്നിവർക്കാണ് കടിയേറ്റത്.
വെങ്ങാട് ടിആർ കെയുപി സ്കൂളിലെ എൽകെജി വിദ്യാർഥിയായ അനന്യ സ്കൂളിലേക്ക് പോകാനായി വീട്ടുമുറ്റത്ത് നിൽക്കുന്നതിനിടെയാണ് നായയുടെ ആക്രമണമുണ്ടായത്. ആക്രമണത്തിൽ കുട്ടിയുടെ ഇടതുകൈയിലെ വിരലിന് ആഴത്തിൽ മുറിവേറ്റു. പ്രാഥമിക ശുശ്രൂഷക്കായി കുട്ടിയെ ആദ്യം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലും തുടർന്ന് വിദഗ്ധ ചികിത്സക്കായി പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇതേ തെരുവുനായ തന്നെയാണ് ഉച്ചയ്ക്ക് 2.40ഓടെ ബാലസുബ്രഹ്മണ്യനെയും ആക്രമിച്ചത്. വീട്ടുമുറ്റത്ത് വാഹനം കഴുകുന്നതിനിടെ അപ്രതീക്ഷിതമായി എത്തിയ നായ ഇടതു കൈയിൽ കടിക്കുകയായിരുന്നു. ബാലസുബ്രഹ്മണ്യൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.