ടിപ്പറിൽനിന്ന് കൂറ്റൻ പാറ താഴെവീണ നിലയിൽ.
ചേർത്തല: പാറയുമായി പോയ ടിപ്പർ ലോറിയിൽ നിന്ന് കൂറ്റൻ പാറ താഴെ വീണ് ഇരുചക്രവാഹന യാത്രക്കാരനായ യുവാവിനു പരിക്ക്. തണ്ണീർമുക്കം പഞ്ചായത്ത് മൂന്നാം വാർഡ് മരങ്ങാട്ട് അനന്തു മുരളി(28)ക്കാണ് പരിക്കേറ്റത്. കൈക്ക് സാരമായി പരിക്കേറ്റ ഇയാൾ ചേർത്തല താലൂക്ക് ആശുപത്രിയിൽ ചികിത്സതേടി.
ചേർത്തല-തണ്ണീർമുക്കം റോഡിൽ ഇന്നലെ ഉച്ചകഴിഞ്ഞ് 2.30നുശേഷമായിരുന്നു അപകടം. ശബ്ദം കേട്ട് ഓടിയെത്തിയ സമീപത്തെ വ്യാപാര സ്ഥാപനത്തിനുള്ളവരും പ്രദേശവാസികളും ഓട്ടോറിക്ഷത്തൊഴിലാളികളും ചേർന്നാണ് റോഡിൽനിന്നും കല്ലുമാറ്റി ബൈക്കിൽനിന്നും വീണ അനന്തുവിന് പ്രാഥമിക ശുശ്രൂഷകൾ നൽകിയത്.
തുടർന്ന് ഇയാളെ ചേർത്തല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കല്ല് വീണതിനെത്തുടർന്ന് അനന്തുവിന്റെ ഇരുചക്ര വാഹനത്തിനും സാരമായി കേടുപാടുണ്ടായി. അമിതവേഗതയിലാണ് ചേർത്തല-തണ്ണീർമുക്കം റോഡിലൂടെ കരിങ്കല്ലും ഗ്രാവലും കയറ്റി ടിപ്പർ ഉൾപ്പെടെ പായുന്നത്.
ചെറിയ കരിങ്കല്ലുകൾ പലപ്പോഴും റോഡിൽ പതിക്കുന്നത് ഇവിടെ പതിവാണ്. രാവിലെ ലോഡുമായി പോകുന്ന വണ്ടികളിൽനിന്നും റോഡിൽ ഗ്രാവൽ വീഴുകയും ഇത് ഇരുചക്രവാഹന യാത്രക്കാർ ഉൾപ്പെടെയുള്ളവരുടെ കണ്ണിൽ വീണ് പലപ്പോഴും അപകടങ്ങൾ ഉണ്ടായിയിട്ടുണ്ട്.
Tags : NattuVishesham DistrictNews