ബാലുശേരി പനങ്ങാട് വില്ലേജിൽ മഴക്കാല വെള്ളപ്പൊക്കത്തിൽ മുങ്ങിയ ശശികലയുടെ വീട് ( ഫയൽ ചിത്രം).
,കോഴിക്കോട് : മഴക്കാലക്കെടുതിയിലെ വെള്ളപ്പൊക്കത്തിൽ നിർമാണത്തിരിക്കേ വീട് നിലം പൊത്തിയ സംഭവത്തിൽ വർഷങ്ങൾ പിന്നിട്ടിട്ടും നഷ്ടപരിഹാരം ലഭിച്ചില്ലെന്ന് ആക്ഷേപം.
ബാലുശേരി പനങ്ങാട് വില്ലേജിൽ എട്ടാം വാര്‍ഡ് തെക്കേ കെട്ടിൽ ശശികലയുടെയും മരണപ്പെട്ട ഭർത്താവ് ശശിയുടെയും പേരിലുള്ള പട്ടികജാതി ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച് കൊണ്ടിരിക്കുന്ന പണി തീരാത്ത വീടാണ് വെള്ളത്തിൽ മുങ്ങി പൂർണമായും നിലം പൊത്തിയത്. ഏതാണ്ട് 10 ലക്ഷത്തിലധികം രൂപ ഈ വീട് നിർമ്മാണത്തിന് കുടുംബം ചെലവിട്ടിരുന്നു.
2024ൽ നഷ്ടപരിഹാരത്തിന് അപേക്ഷ നൽകിയിട്ട് രണ്ട് വര്‍ഷം കഴിഞ്ഞു. എന്നാൽ ധനസഹായം സംബന്ധിച്ച് ഇതുവരെ യാതൊരുവിധ നടപടികളും ഉണ്ടായിട്ടില്ല. ജൂലൈ 16ന് കോഴിക്കോട് കളക്ടറേറ്റിൽ നിന്ന് ലഭിച്ച വിവരാവകാശ അപേക്ഷയുടെ മറുപടിയിൽ "പ്രകൃതി ദുരന്ത ധനസഹായം അനുവദിച്ചിട്ടുണ്ട്' എന്ന് വ്യക്തമാക്കിയിരുന്നുവെന്ന് ശശികല പറഞ്ഞു. എന്നാൽ പത്ത് ദിവസം കഴിഞ്ഞ് "അനുവദിച്ചിട്ടില്ല. മുൻപത്തെ മറുപടി തിരുത്തുന്നു' എന്ന് കത്ത് വന്നു.
നഷ്ടപരിഹാരം വൈകുന്നതിന് വീട് നിര്‍മാണം പൂർത്തിയായിട്ടില്ലെന്നും ആൾ താമസം ഇല്ലെന്നുമാണ് ജില്ലാ ഭരണകൂടം നൽകുന്ന വിശദീകരണം. പട്ടികജാതി വികസന ഫണ്ട് ഉപയോഗിച്ച് തുടങ്ങിയ വീടിന്റെ നിർമാണം ഭർത്താവിന്റെ മരണത്തെ തുടർന്ന് പാതിവഴിയിൽ നിന്നുപോയതാണെന്നും പിന്നീടുണ്ടായ മഴക്കാല കെടുതിയിൽ പരിപൂർണമായി വെള്ളത്തില്‍ മുങ്ങിയ വീട് നിലം പൊത്തുകയായിരുന്നുവെന്നും ശശികല പറയുന്നു.
Tags : NattuVishasham DistrictNews