പേരൂര്‍ക്കട: അശാസ്ത്രീയമായ നിര്‍മാണമെന്ന് ആരോപണം, കുടപ്പനക്കുന്ന് മൃഗസംരക്ഷണ കേന്ദ്രം കോമ്പൗണ്ടിലെ മേല്‍ക്കൂര കാറ്റിലും മഴയിലും തകര്‍ന്നുവീണു. മൃഗസംരക്ഷണ കേന്ദ്രത്തില്‍ തീറ്റപ്പുല്‍ വളര്‍ത്തുകയും മൃഗങ്ങള്‍ക്കു താത് കാലികമായി ആഹാരം നല്‍കുകയും സാധനസാമഗ്രികള്‍ സൂക്ഷിക്കുകയും ചെയ്യുന്നതിന് നിര്‍മിച്ച മേല്‍ക്കൂരയാണ് തകര്‍ന്നു വീണത്.
മെറ്റല്‍ കമ്പികള്‍ വിവിധ വശങ്ങളിലായി ആറെണ്ണം ഉറപ്പിച്ച് മേല്‍ക്കൂരയില്‍ ആസ്ബസ്റ്റോസ് ഷീറ്റുപാകി ഏകദേശം 20 അടി ഉയരത്തില്‍ നിര്‍മിച്ച മേല്‍ക്കൂരയാണ് പൂര്‍ണമായും നിലം പൊത്തിയത്. മേല്‍ക്കൂരയിലെ ഷീറ്റുകളില്‍ ചിലത് ഇളകി സിവില്സ്റ്റേഷന് റോഡിലെ ഇന്റര്‍ലോക്ക് നടപ്പാതയിലേക്കും വീണു.
ഇരുമ്പുകമ്പികള്‍ ഇളകി മൃഗസംരക്ഷണ കേന്ദ്രത്തിനും സിവില്‍സ്റ്റേഷനും പൊതുവായുള്ള മതില്‍ക്കെട്ടിലേക്കു വീണ് മതില് തകര്‍ന്നിട്ടുണ്ട്. ഇതോടെ നടപ്പാതയിലൂടെയുള്ള സഞ്ചാരം അസാധ്യമായി. കഴിഞ്ഞദിവസത്തെ ശക്തമായ മഴയിലാണ് മേല്‍ക്കൂര തകര്‍ന്നു വീണത്.
ഈ സമയത്ത് ജീവനക്കാര്‍ ആരും ഇവിടെ ഇല്ലാതിരുന്നതിനാല്‍ വന്‍ അത്യാഹിതം ഒഴിവാകുകയായിരുന്നു. മേല്‍ക്കൂരയുടെ ഭാഗമായുള്ള ഇരുമ്പുതൂണുകളില്‍ രണ്ടെണ്ണം മൃഗസംരക്ഷണ കേന്ദ്രം കോമ്പൗണ്ടിലുള്ള റോഡിലേക്കു ചരിഞ്ഞുവീഴുകയും ചെയ്തു.
വര്‍ഷങ്ങള്‍ക്കുമുമ്പ് നിര്‍മിച്ച മേല്‍ക്കൂര കഴിഞ്ഞ അഞ്ചു വര്‍ഷമായി തുരുമ്പെടുത്തും ഷീറ്റുദ്രവിച്ചും നിലനില്‍ക്കുന്ന അവസ്ഥയിലായിരുന്നു. വാര്‍ഷിക അറ്റകുറ്റപ്പണി കൃത്യമായി നടത്താത്തതാണ് മേല്‍ക്കൂര നിലംപൊത്താന്‍ കാരണമായതെന്ന ആരോപണം ശക്തമാണ്.