കൊരട്ടി: ഔദ്യോഗിക ജീവിതത്തിൽനിന്ന് പടിയിറങ്ങുമ്പോൾ സ്വന്തം വിദ്യാർഥികൾക്ക് സ്നേഹത്തിന്റെ കൈയൊപ്പ് സമ്മാനിച്ച് വെസ്റ്റ് കൊരട്ടി എൻയുപി സ്കൂളിലെ അധ്യാപിക വനജ ടീച്ചർ. 2027 ഏപ്രിലിൽ വിരമിക്കുന്നതിനു മുന്നോടിയായി, മഴക്കാലത്ത് ചെളിയിൽ മുങ്ങുന്ന സ്കൂൾ മുറ്റം ഏകദേശം ആറു ലക്ഷം രൂപ ചെലവഴിച്ച് ടൈൽ വിരിച്ചാണ് 26 വർഷമായി ഹിന്ദി അധ്യാപികയായി സേവനമനുഷ്ഠിക്കുന്ന വനജ ടീച്ചർ മാതൃകയായത്.
എൽകെജി മുതൽ ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ പഠിക്കുന്ന 106 വർഷം പഴക്കമുള്ള വിദ്യാലയത്തിൽ മഴ പെയ്താൽ മുറ്റം മുഴുവൻ ചെളിക്കുളമാകുന്നതു പതിവായിരുന്നു. ചെളി ചവിട്ടിയാണ് കുട്ടികൾ ക്ലാസ് മുറികളിലെത്തിയിരുന്നത്. ചെളിപുരണ്ട കാലുകളുമായി ക്ലാസിലെത്തുന്ന കുട്ടികൾക്ക് പഠനത്തിൽ വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയില്ലെന്ന തിരിച്ചറിവാണു സ്കൂൾ മുറ്റം ടൈൽ വിരിക്കുന്നതിലേക്ക് ടീച്ചറെ നയിച്ചത്. വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെ, താൻ ഏറെ സ്നേഹിച്ച വിദ്യാർഥികൾക്കായി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹം ടീച്ചറുടെ മനസിലുണ്ടായിരുന്നു. ഇതിന്റെ ഭാഗമായി മാനേജ്മെന്റിന്റെ അനുമതി വാങ്ങി മഴ ശമിച്ചതോടെ ടൈൽ പാകൽ ആരംഭിക്കുകയും പൂർത്തിയാക്കുകയുമായിരുന്നു.
പഠനത്തിനൊപ്പം കളിക്കാനും ഒഴിവുസമയങ്ങളിൽ ഉല്ലസിക്കാനും കഴിയുന്ന തരത്തിലാണു വിശാലമായ അങ്കണം ഒരുക്കിയിരിക്കുന്നത്. ടൈൽ വിരിച്ച മുറ്റത്ത് ബാഡ്മിന്റൺ കോർട്ടും സജ്ജീകരിച്ചിട്ടുണ്ട്. വിശാലമായ ഈ സ്കൂൾ അങ്കണം ഇനി കായിക മത്സരങ്ങൾക്കും വേദിയാകും. 2023ൽ സ്കൂളിൽനിന്ന് വിരമിച്ച അധ്യാപിക ജാൻസി കുട്ടികൾക്കായി പാർക്ക് നിർമിച്ചുനൽകിയിരുന്നു.
Tags : Nattuvishesham Districtnews Deepikanews Vanaja Teacher