വട്ടവടയില്‍ പച്ചക്കറി കൃഷി ചെയ്യുന്നതിനായി നിലം ഒരുക്കുന്ന കര്ഷകന്.
തൊടുപുഴ: ശീതകാല പച്ചക്കറിയുടെ കലവറയായ ഇടുക്കി വട്ടവടയില്‍ കൃഷിയില്‍ കുത്തനെ ഇടിവ്. 2000 ഹെക്ടറില്‍നിന്ന് 800 ഹെക്ടറായി കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് പച്ചക്കറി കൃഷി കുറഞ്ഞു. മഴയുടെ കുറവും ജലസേചനസൗകര്യങ്ങള്‍ ഇല്ലാത്തതും സബ്സിഡി ലഭിക്കാത്തതുമാണ് പ്രധാന വെല്ലുവിളിയായി മാറിയത്.
കാലാവസ്ഥാ വ്യതിയാനംമൂലം വട്ടവടയില്‍ പച്ചക്കറി കൃഷിനിലങ്ങള്‍ വ്യാപകമായി തരിശു ഭൂമിയായി മാറുകയാണ്. ആവശ്യമായ മഴ ലഭിക്കാത്തതിനാല്‍ ഇറക്കിയ കൃഷി കരിഞ്ഞുണങ്ങി.
വെളുത്തുള്ളി, ഉരുളക്കിഴങ്ങ്, കാബേജ്, കാരറ്റ്, ബട്ടര്‍ ബീന്‍സ്, ഗ്രീന്‍പീസ്, മല്ലി തുടങ്ങി വട്ടവടയുടെ സ്വന്തം പച്ചക്കറികളുടെ ഉത്പാദനമാണ് കുത്തനെയിടിഞ്ഞത്. ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്ന ഇടനിലക്കാരില്‍നിന്ന് പണം കടം വാങ്ങിയാണ് കര്‍ഷകര്‍ കൃഷിയിറക്കുന്നത്. വലിയ ലാഭം ഇടനിലക്കാര്‍ കൊയ്യുന്നതോടെ പല കര്‍ഷകരും കൃഷി മുന്നോട്ടു കൊണ്ടുപോകാനാകാത്ത സ്ഥിതിയിലാണ്.
ഒരു ഹെക്ടര്‍ വെളുത്തുള്ളി കൃഷി ചെയ്യുന്ന കര്ഷകന് മൂന്നു മുതല്‍ മൂന്നര ലക്ഷം രൂപ വരെ ചെലവ് വരും. ഉരുളക്കിഴങ്ങിന് രണ്ടു ലക്ഷവും കാബേജിനും കാരറ്റിനും 1.50 ലക്ഷം രൂപ വരെയാണ് ചെലവ്. ഓരോ സീസണ് കഴിയുമ്പോഴും ഭീമമായ നഷ്ടത്തിലേക്കാണ് കര്‍ഷകര്‍ കൂപ്പുകുത്തുന്നത്. ഇതോടൊപ്പം വിത്തിനും വളത്തിനും വില കുത്തനെ കുതിച്ചുയരുന്നതും പ്രതിസന്ധി സൃഷ്ടിക്കുന്നു.
2010 മുതല്‍ 2017 വരെ ഒരു ഹെക്ടര്‍ കൃഷിക്ക് 22,500 രൂപ സബ്സിഡി ലഭിച്ചിരുന്നതായി കര്‍ഷകര്‍ പറയുന്നു. എന്നാല്‍ ഇപ്പോൾ സബ്സിഡി ലഭിക്കുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി.
വട്ടവടയിലെ കാലാവസ്ഥ അടിമുടി മാറിയതോടെയാണ് കൃഷിയിടങ്ങളില്‍ ഉത്പാദനം കുറഞ്ഞതും കാര്‍ഷിക വിളകള്‍ കരിഞ്ഞുണങ്ങി കൃഷിതന്നെ നഷ്ടക്കച്ചവടമായതും. കാലാവസ്ഥ മാറിയ സാഹചര്യത്തില്‍ മഴക്കുറവിനെ പ്രതിരോധിക്കാന്‍ നൂതന ജലസ്രോതസുകള്വഴി കാര്‍ഷിക വിളകള്‍ നനയ്ക്കാനും മറ്റും കര്‍ഷകര്‍ക്ക് സൗകര്യം ഒരുക്കിയാലേ കൃഷി ഇവിടെ അന്യംനിന്നു പോകാതിരിക്കൂ. ജില്ലാ പഞ്ചായത്ത്, ജലവിഭവ വകുപ്പ് എന്നിവയുടെ ജലസേചന സൗകര്യങ്ങള്‍ ഒരുക്കുകയും നിര്‍ത്തലാക്കിയ സബ്സിഡി പുനരാരംഭിക്കുകയും ചെയ്യണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Tags :