പൊന്തൻപുഴയിൽ സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവ്
പൊന്തൻപുഴ: പ്രകൃതിയുടെ പച്ചപ്പും വനത്തിന്റെ നൈർമല്യവും കാത്തുസൂക്ഷിക്കാനുള്ള മഹത്തായ സന്ദേശവുമായി പൊന്തൻപുഴയിൽ സംഘടിപ്പിച്ച മെഗാ ക്ലീൻ ഡ്രൈവ് ശ്രദ്ധേയമായി.
വനത്തിലൂടെയും പരിസരപ്രദേശങ്ങളിലൂടെയും കടന്നുപോകുന്ന റോഡുകളിലെ മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിനായി സംഘടിപ്പിച്ച തീവ്ര ശുചീകരണയജ്ഞത്തിൽ 40 ടൺ മാലിന്യങ്ങൾ ശേഖരിച്ചു. വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും പ്രകൃതിസ്നേഹികളുടെയും കൂട്ടായ്മയിൽ നൂറിലധികം പേർ ഈ ഉദ്യമത്തിൽ പങ്കാളികളായി.
പൊന്തൻപുഴ വനത്തിലൂടെ കടന്നുപോകുന്ന മൂവാറ്റുപുഴ-പൊൻകുന്നം ദേശീയപാത, പൊന്തൻപുഴ-മുക്കട ഭാഗം, റാന്നി-എരുമേലി-പ്ലാച്ചേരി റോഡ് മുതൽ കരിമ്പൻതോട് വരെയുള്ള പ്രദേശങ്ങളിലായിരുന്നു ശുചീകരണപ്രവർത്തനങ്ങൾ നടന്നത്. പ്രകൃതിയുടെ മനോഹാരിതയ്ക്ക് മങ്ങലേൽപ്പിച്ച ഡയപ്പർ മാലിന്യങ്ങൾ കുപ്പിച്ചില്ലുകൾ, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്തു.
പൊന്തൻപുഴ റേഞ്ച് ഫോറസ്റ്റ് ഓഫീസർ രതീഷ് കെ.വി, മണിമല പഞ്ചായത്ത് പ്രസിഡന്റ് ലിതാ ഷാജി, എരുമേലി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാറാമ്മ എബ്രഹാം, വണ്ടൻപതാൽ ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. സുനിൽ, പ്ലാച്ചേരി ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ നെജിമോൻ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. മണിമല-എരുമേലി പഞ്ചായത്തുകളിലെ ജനപ്രതിനിധികളായ ജെന്നി കെ. തോമസ്, ജെയിംസ് വി. ജെയിംസ്, ഷക്കീല ബീവി എന്നിവരും വിവിധ വാർഡ് മെംബർമാരും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരും പഞ്ചായത്ത് സെക്രട്ടറിയും ജീവനക്കാരും ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരും ശുചീകരണയജ്ഞത്തിൽ പങ്കുചേർന്നു.
Tags :