കലണ്ടർ പ്രകാശനം സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
തിരുവനന്തപുരം: രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായി പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിച്ചു. കലണ്ടർ പ്രകാശനം സെക്രട്ടേറിയറ്റ് പിആർ ചേംബറിൽ ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു.
രോഗപ്രതിരോധവും ചികിത്സയും ഫലപ്രദമാകാൻ ആരോഗ്യവകുപ്പിനൊപ്പം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഈ ഏകോപനത്തിന് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കും. ആരോഗ്യവകുപ്പ് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
ഓരോ മാസവും കേരളത്തിൽ പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനങ്ങളിൽ അവബോധം വർധിപ്പിച്ച് രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടുന്ന രീതി പ്രോത്സാഹിപ്പിക്കുകയുമാണ് കലണ്ടറിലൂടെ ലക്ഷ്യമിടുന്നത്.
ആരോഗ്യവകുപ്പ് നിയമിച്ച ഹൈപവർ ഉപദേശക സമിതിയുടെ മേൽനോട്ടത്തിൽ കേരളത്തിലെ ആരോഗ്യവിദഗ്ധരാണ് കലണ്ടർ തയാറാക്കിയത്. നിലവിൽ ലഭ്യമായ വിവരങ്ങളാണ് കലണ്ടറിന്റെ അടിസ്ഥാനം. പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ആരോഗ്യവകുപ്പ് കലണ്ടർ പുതുക്കുമെന്നും മന്ത്രി അറിയിച്ചു.
Tags : InfectiousDisease Calendar HealthDepartment KMuraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash