ആരോഗ്യമന്ത്രി കെ.മുരളീധരൻ
തിരുവനന്തപുരം: എസ്എംഎ ബാധിതർക്കുള്ള ജനറിക് മരുന്ന് വിതരണത്തിൽ ആശങ്ക വേണ്ടെന്നും ഇതുസംബന്ധിച്ച് സംസ്ഥാനത്തു സാങ്കേതികസമിതിയുടെ തീരുമാനപ്രകാരമാണ് ഇന്ത്യൻ കന്പനിയായ നാറ്റ്കോ ഫാർമയിൽനിന്ന് മരുന്നു വാങ്ങാൻ തീരുമാനിച്ചതെന്നും ആരോഗ്യമന്ത്രി കെ.മുരളീധരൻ പത്രസമ്മേളനത്തിൽ അറിയിച്ചു.
സുപ്രീംകോടതിയുടെയും ഡൽഹി ഹൈക്കോടതിയുടെയും വിലയിരുത്തലുകൾക്കു ശേഷമാണ് ഈ മരുന്നിന് വിതരണാനുമതി നൽകിയത്. കന്പനിക്കാർ ഡോക്ടർമാർക്കു നൽകിയ സാന്പിളുകളിൽ ചിലതാണ് സ്റ്റോക്ക് വരുന്നതിനുമുന്പ് രോഗികൾക്കു ഡോക്ടർമാർ നൽകിയത്. അതിൽ അസ്വാഭാവികതയോ ആശങ്കയോ വേണ്ടെന്ന് സാങ്കേതികസമിതി അധ്യക്ഷൻകൂടിയായ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ പറഞ്ഞു. എന്നാൽ ചില മാധ്യമങ്ങളിൽ വാർത്ത വന്നപ്പോഴാണ് മരുന്ന് തിരിച്ചെടുത്തത്. മരുന്ന് തിരിച്ചെടുത്തത് സംശയങ്ങൾ ഉണ്ടാകരുതെന്ന് കരുതിയാണെന്ന് മന്ത്രി കെ.മുരളീധരൻ പറഞ്ഞു.
തിരിച്ചെടുത്തില്ലെങ്കിലും ഒരു കുഴപ്പവുമില്ല. മരുന്നിന്റെ വിശ്വാസ്യതയിൽ ആർക്കും ഒരു സംശയവുമില്ല. നാറ്റ്കോയുടെ റിസ്ഡിപ്ലാം എസ്എംഎ രോഗികൾക്കു കൊടുക്കാൻ പറ്റുന്ന മരുന്നാണെന്ന് സെൻട്രൽ ഡ്രഗ്സ് സ്റ്റാൻഡേർഡ് കണ്ട്രോൾ ഓർഗനൈസേഷൻ കൃത്യമായി പറഞ്ഞിട്ടുണ്ട്. മരുന്ന് അനുയോജ്യമാണെന്ന് ഇതുമായി ബന്ധപ്പെട്ട എല്ലാ വിദഗ്ധരും വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ കമ്മിറ്റി തീരുമാനിക്കാതെ ഒരു മരുന്നുപോലും നൽകാൻ പറ്റില്ല. എന്നാൽ കെഎംഎസ്സിഎൽ വഴി പല കന്പനികളും മരുന്ന് വിതരണം കഴിഞ്ഞ കാലങ്ങളിൽ നടത്തിയിട്ടുണ്ട്.
ടോറസ് എന്ന കണ്ണൂർ കന്പനിയുണ്ട്. മരുന്ന് വാങ്ങിയ ടോറസ് എന്ന കന്പനിയുടെ എംഡി ആരാണ്. ടോറസ് എന്ന കന്പനി മരുന്ന് കൊടുത്തിട്ടുണ്ട്. ഒരുപാട് മരുന്നുകൾ ടോറസ് വിതരണം ചെയ്തിട്ടുണ്ട്. എന്തു യോഗ്യതയിലാണ് ടോറസ് എന്ന കന്പനിയിൽനിന്ന് മരുന്ന് വാങ്ങിയതെന്നതടക്കം അന്വേഷിക്കും. 2023-24ൽ നാറ്റ്കോ കന്പനി ഒരു കോടി രൂപയും 2024-25 ൽ 50 ലക്ഷം രൂപയും സിപിഎമ്മിന് കൊടുത്തിട്ടുണ്ട് എന്നാൽ തെരഞ്ഞെടുപ്പു കമ്മിഷന്റെ സൈറ്റിൽ വിവരങ്ങളുണ്ട്. അന്ന് ആരായിരുന്നു ആരോഗ്യമന്ത്രിയെന്നും മുരളീധരൻ ചോദിച്ചു.
2007 ൽ എസ്എടി ആശുപത്രിയിൽ അണുബാധ ബാധിച്ച് 38 കുഞ്ഞുങ്ങൾ മരിച്ചപ്പോൾ ആരായിരുന്നു ആരോഗ്യമന്ത്രി, കോവിഡ് കാലത്ത് പച്ചക്കറി കടയിൽനിന്ന് ഉൾപ്പടെ മാസ്കും ഗ്ലൗസും വാങ്ങിയപ്പോൾ ആരായിരുന്നു ആരോഗ്യമന്ത്രി, കോടികൾ മുടക്കി കെട്ടിടങ്ങൾ പണിതു പാഴാക്കിയപ്പോഴും കോടികൾ വിലയുള്ള ഉപകരണങ്ങൾ വാങ്ങി ധൂർത്തടിച്ചപ്പോഴും ആരോഗ്യമന്ത്രി ആരായിരുന്നുവെന്ന പൊതുസമൂഹത്തിന് അറിയാമെന്നും മന്ത്രി പറഞ്ഞു. നാറ്റ്കോ ഫാർമ അധികൃതർ ഓഫീസിലെത്തിയതിനെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങൾക്കും മന്ത്രി മറുപടി നൽകി.
എസ്എടി ആശുപത്രിയിൽ ചിക്കൻപോക്സ് ഉൾപ്പടെയുള്ള പകർച്ചവ്യാധികൾ ബാധിക്കുന്ന കുഞ്ഞുങ്ങൾക്കുള്ള 14-ാം വാർഡ് (ഐസോലേഷൻ) നവീകരണത്തിനായി 2026 മാർച്ച് 25ന് അന്നത്തെ സൂപ്രണ്ട് നാറ്റ്കോ കന്പനി അധികൃതരോട് സിഎസ്ആർ ഫണ്ടായി 75 ലക്ഷം ആവശ്യപ്പെട്ടിരുന്നു. അന്ന് യുഡിഎഫ് സർക്കാരല്ല, അന്നത്തെ ആരോഗ്യമന്ത്രി അറിയാതെയാണോ ആശുപത്രി സൂപ്രണ്ട് കത്തെഴുതിയത്.
കന്പനി അധികൃതർ നേരിട്ടെത്തി ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ആദ്യ ഗഡുവായി 25 ലക്ഷം രൂപ ആശുപത്രിയുടെ സൊസൈറ്റി അക്കൗണ്ടിലേക്ക് കൈമാറുകയും ചെയ്തു. ആരോഗ്യമന്ത്രിയെ കണ്ട് ഇതുസംബന്ധിച്ച സർട്ടിഫിക്കറ്റ് കൈമാറാനാണു കന്പനി പ്രതിനിധികൾ ഓഗസ്റ്റ് ആദ്യവാരമെത്തിയത്. ആൾക്കൂട്ടത്തിനു നടുവിലായിരുന്നു ചിത്രമെടുത്ത്, അല്ലാതെ ആരും കാണാതെയല്ലെന്നും മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.
Tags : HealthMinister SMA KMuraleedharan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash