പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: സംസ്ഥാനത്ത് അപകടസാധ്യതയുള്ള സാഹചര്യത്തിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാനായി കർമപദ്ധതി ആവിഷ്കരിച്ച് വനിതാ ശിശു വികസന വകുപ്പ്. അടുത്തിടെ ആലപ്പുഴ കാർത്തികപ്പള്ളിയിലുണ്ടായ സംഭവത്തിന്റെ പശ്ചാത്തലത്തിൽ മന്ത്രി ബിന്ദു കൃഷ്ണയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.
ജില്ലയിലെ കുട്ടികളുടെ സുരക്ഷ, സംരക്ഷണം, പുനരധിവാസം എന്നിവ ഉറപ്പാക്കാനുള്ള പൂർണ ഉത്തരവാദിത്വം ജില്ലാ വനിതാ-ശിശു വികസന ഓഫീസർമാർക്കായിരിക്കും. ബുദ്ധിമുട്ടേറിയ സാഹചര്യത്തിൽ കഴിയുന്ന കുട്ടികളെ കണ്ടെത്താനായി സംസ്ഥാന വ്യാപകമായി ദുർബലതാ മാപ്പിംഗ് സർവേ നടത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനവും ഉത്തരവാദിത്വ നിർവഹണവും ശക്തിപ്പെടുത്തും.
വില്ലേജ് തലം മുതൽ ജില്ലാ തലം വരെയുള്ള ചൈൽഡ് പ്രൊട്ടക്ഷൻ ആൻഡ് വെൽഫെയർ കമ്മിറ്റി കൃത്യമായി യോഗം ചേരുന്നുവെന്ന് ഉറപ്പാക്കും. ജില്ലാ വനിതാ-ശിശു വികസന ഓഫിസർ മൂന്നു മാസത്തിലൊരിക്കലും വകുപ്പ് ഡയറക്ടർ ആറു മാസത്തിലൊരിക്കലും പ്രവർത്തനം അവലോകനം ചെയ്യും. ഇത്തരം കുട്ടികളെ കണ്ടെത്തിയാൽ തദ്ദേശം, ആരോഗ്യം, പൊലിസ് വകുപ്പുകളുടെ സഹകരണത്തോടെ ആവശ്യമായ സുരക്ഷാ നടപടികളും പുനരധിവാസവും ഉറപ്പാക്കും.
കുട്ടികളെ രക്ഷപ്പെടുത്തുന്നതുൾപ്പെടെയുള്ള ഗൗരവമുള്ള വിഷയങ്ങളിൽ നടപടികൾക്കു തടസം നേരിട്ടാൽ ജില്ലാ ശിശുസംരക്ഷണ ഓഫിസർ ഉന്നതതല ഇടപെടൽ ഉറപ്പാക്കണം. രക്ഷിതാക്കളുടെ നിസഹകരണം കുട്ടികളുടെ സുരക്ഷയ്ക്കായുള്ള നടപടി അവസാനിപ്പിക്കാൻ കാരണമാകരുത്. ഇത്തരം സാഹചര്യങ്ങളിൽ ഉന്നതതല ഇടപെടലും ബദൽ സംരക്ഷണവും ഉറപ്പാക്കണം. ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്സണ്മാർ, ജില്ലാ വനിതാ-ശിശുവികസന ഓഫിസർമാർ, ജില്ലാ ശിശു സംരക്ഷണ ഓഫിസർമാർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.
സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് സമയബന്ധിതമായി ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കു സമർപ്പിക്കും. ശിശു സംരക്ഷണ സ്ഥാപനങ്ങളിലെ എല്ലാ കുട്ടികൾക്കും വ്യക്തിഗത ശ്രദ്ധാ പദ്ധതി തയാറാക്കും. കുട്ടിയുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്ന് സോഷ്യൽ ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ടിലൂടെ ബോധ്യപ്പെട്ടാൽ മാത്രമേ കുട്ടിയെ കുടുംബത്തിലേക്കു തിരികെ അയയ്ക്കാവൂ. പുനരധിവാസത്തിനുശേഷവും അങ്കണവാടി വർക്കർ, ഐസിഡിഎസ് സൂപ്പർവൈസർ, സൈക്കോ-സോഷ്യൽ കൗണ്സിലർ എന്നിവർ മുഖേന നിർബന്ധിത തുടർനിരീക്ഷണം ഉറപ്പാക്കും.
കുട്ടികളുടെ വളർച്ചയും പോഷകനിലയും നിരീക്ഷിക്കും. പോഷകാഹാരക്കുറവോ അവഗണനയോ കണ്ടെത്തുന്ന സാഹചര്യത്തിൽ ഇടപെടലുണ്ടാകും. കുട്ടികളുടെ സ്വകാര്യതയും സുരക്ഷയും സംരക്ഷിക്കാനായി ഉദ്യോഗസ്ഥർ വഴി കുട്ടികളുടെ വ്യക്തിഗത വിവരം മാധ്യമങ്ങളിലെത്തുന്നത് തടയാൻ കർശന നിർദേശം നൽകി. ഇത്തരം കുട്ടിയുടെ കാര്യത്തിൽ മറ്റൊരു വകുപ്പിന്റെ ചുമതലയാണെന്നു പറഞ്ഞ് ഒരു ഉദ്യോഗസ്ഥനും ഉത്തരവാദിത്വത്തിൽനിന്നു മാറിനിൽക്കരുതെന്ന് മന്ത്രി ബിന്ദു കൃഷ്ണ നിർദേശിച്ചു.
Tags : Distressing Children Circumstances ActionPlan Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash