പ്രതീകാത്മക ചിത്രം - എഐ
തിരുവനന്തപുരം: പുതിയ കായികബില്ല് ഈ സഭാ സമ്മേളനത്തിൽ അവതരിപ്പിക്കില്ല. പതിറ്റാണ്ടുകൾക്കുശേഷം സംസ്ഥാനത്തെ കായികനിയമങ്ങളിൽ സമഗ്രമായ പരിഷ്കാരം ലക്ഷ്യമിട്ടാണ് കേരള സ്പോർട്സ് ബിൽ 2026 തയാറാക്കിയത്.
ബില്ലിലെ ചില വ്യവസ്ഥകൾ സംബന്ധിച്ച് ഭരണമുന്നണിക്കുള്ളിൽനിന്നുതന്നെ എതിർപ്പുകൾ ഉയർന്നതോടെയാണ് ബില്ല് അവതരിപ്പിക്കുന്നതു സംബന്ധിച്ച് അനിശ്ചിതത്വമുണ്ടായത്.
നിലവിലെ സ്പോർട്സ് കൗണ്‍സിൽ സംവിധാനം ഒഴിവാക്കി ‘സ്പോർട്സ് അഥോറിറ്റി ഓഫ് കേരള’ രൂപീകരിക്കാനാണ് ബില്ലിലെ ശിപാർശ. ഇതിന്റെ തലപ്പത്തുനിന്ന് രാഷ്ട്രീയ പ്രതിനിധികളെ പൂർണമായും ഒഴിവാക്കാനും, വിദഗ്ധരെ നിയമിക്കാനും വ്യവസ്ഥയുണ്ട്. ഭരണസമിതികളുടെ തലപ്പത്തുനിന്നുള്ള രാഷ്ട്രീയ നിയമനങ്ങൾ പൂർണമായി ഇല്ലാതാക്കുന്ന ഈ നിർദേശത്തിനെതിരേയാണ് പ്രധാനമായും എതിർപ്പുയരുന്നത്.
എന്നാൽ, കായികവകുപ്പ് നിയമവകുപ്പിന്റെ പരിശോധനയ്ക്കയച്ച കരട് ബിൽ തിരികെ ലഭിക്കാനുണ്ടായ കാലതാമസം മാത്രമാണ് പ്രധാന പ്രതിസന്ധിയായി വന്നതെന്നാണ് കായികവകുപ്പിന്റെ നിലപാട്.
കഴിഞ്ഞ ദിവസം നിയമവകുപ്പിൽനിന്നു കരട് ബില്ല് കായിക വകുപ്പിൽ തിരികെ ലഭിച്ചു. വരുന്ന മന്ത്രിസഭാ യോഗത്തിൽ ബില്ല് പരിഗണനയ്ക്കു വന്നേക്കുമെന്നാണ് സൂചന.
Tags : KeralaSportsBill SportsBills Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash