കൃഷിമന്ത്രി ടി. സിദ്ദീഖും കുടുംബവും ശീതകാല പച്ചക്കറികൃഷി തുടക്കം കുറിക്കുന്നു.
തിരുവനന്തപുരം: സംസ്ഥാനത്തെ മന്ത്രിമന്ദിരങ്ങളിൽ കാർഷികവിളകളും അലങ്കാരസസ്യങ്ങളും വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൃഷിവകുപ്പും വിനോദസഞ്ചാര വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ശീതകാല പച്ചക്കറി കൃഷിക്ക് തുടക്കമായി.
കൃഷിമന്ത്രിയും കുടുംബവും ചേർന്നാണ് കൃഷി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. കൃഷിവകുപ്പിന്റെ മേൽനോട്ടത്തിൽ വിനോദസഞ്ചാര വകുപ്പിന്റെ സഹകരണത്തോടെയാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
കൃഷിമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ 250 ഗ്രോബാഗുകളിലും ചട്ടികളിലുമാണ് കൃഷി ഒരുക്കിയിരിക്കുന്നത്.
കാബേജ്, കോളിഫ്ളവർ, ബ്രോക്കോളി തുടങ്ങിയ ശീതകാല പച്ചക്കറികൾക്കൊപ്പം പച്ചമുളക്, വഴുതന, വെണ്ട തുടങ്ങിയ അടുക്കളത്തോട്ടത്തിൽ സാധാരണയായി കൃഷി ചെയ്യുന്ന പച്ചക്കറികളും ഇവിടെ നട്ടുവളർത്തും.
മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസ്, പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയായ കണ്ടോണ്മെന്റ് ഹൗസ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ മറ്റ് മന്ത്രിമാരുടെ ഔദ്യോഗിക വസതികളിലും പച്ചക്കറിക്കൃഷിയും അലങ്കാരസസ്യങ്ങൾ നട്ടുപിടിപ്പിക്കുന്ന പ്രവർത്തനങ്ങളും നടപ്പാക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.
വീട്ടുവളപ്പുകളിലും പരിമിതമായ സ്ഥലങ്ങളിലും ഗ്രോബാഗുകൾ ഉപയോഗിച്ച് പച്ചക്കറിക്കൃഷി നടത്താമെന്ന സന്ദേശം പൊതുജനങ്ങളിൽ എത്തിക്കുന്നതിനൊപ്പം സുരക്ഷിതമായ ഭക്ഷ്യോത്പാദനത്തിന്റെ പ്രാധാന്യം ഉയർത്തിക്കാട്ടാനും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
Tags : AgricultureMinister Family Kickoff WinterVegetable Cultivation OfficialResidence Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash TSiddique