വൈഭവ് സൂര്യവംശിയും സഞ്ജു സാംസണും പരിശീലനത്തിനിടെ.
ക്രൈസ്റ്റ് ചര്‍ച്ച്: രാജ്യാന്തര ട്വന്റി-20 ക്രിക്കറ്റ് ചരിത്രത്തില്‍ തങ്ങളുടെ ഏറ്റവും വലിയ റണ്‍ ചേസിംഗിനുശേഷം ടീം ഇന്ത്യ, ന്യൂസിലന്‍ഡിന് എതിരായ രണ്ടാം മത്സരത്തിന് ഇറങ്ങുന്നു.
ക്രൈസ്റ്റ് ചര്‍ച്ചിലെ ഹാഗ് ലി ഓവല്‍ മൈതാനത്ത് ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 12.30നാണ് മത്സരം. വ്യാഴാഴ്ച നടന്ന ആദ്യ ട്വന്റി-20യില്‍ സഞ്ജു സാംസണിന്റെയും (33 പന്തില്‍ 67) നമാന്‍ ധിറിന്റെയും (15 പന്തില്‍ 42 നോട്ടൗട്ട്) ക്യാപ്റ്റന്‍ ശ്രേയസ് അയ്യറുടെയും (28 പന്തില്‍ 42) ബാറ്റിംഗിലൂടെ 230/6 എടുത്താണ് ഇന്ത്യ റിക്കാര്‍ഡ് ചേസിംഗ് നടത്തിയത്.
വെസ്റ്റ് ഇന്‍ഡീസിന് എതിരേ സ്വദേശത്തു നടന്ന അഞ്ചു മത്സര പരമ്പര 2-2 സമനിലയില്‍ കലാശിച്ച ശേഷമാണ് ഇന്ത്യ, ന്യൂസിലന്‍ഡിന്റെ മണ്ണില്‍ ബാറ്റും ബോളും എടുത്തതെന്നതും ശ്രദ്ധേയം.
ഇഷാന് കിഷന് ഔട്ട്
വ്യാഴാഴ്ച നടന്ന ആദ്യ ട്വന്റി-20 പോരാട്ടത്തിനിടെ തുടമസിലിനു പരിക്കേറ്റ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ഇഷാന് കിഷന് ഇന്നു പ്ലേയിംഗ് ഇലവനില്‍ ഉണ്ടാകില്ല. ഇഷാന് കിഷന് ഇന്നു കളിക്കില്ലെന്നു ബിസിസിഐ മെഡിക്കല്‍ ടീം ഇന്നലെ അറിയിച്ചു. ആദ്യമത്സരത്തില്‍ അഞ്ചാം നമ്പറിലായിരുന്നു ഇഷാന് കിഷന് ക്രീസിലെത്തിയത്. നാലു പന്തില്‍ ഒരു റണ്‍ മാത്രം നേടാനേ സാധിച്ചുള്ളൂ. വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയില്‍ മൂന്നാം നമ്പറിലായിരുന്നു ഇഷാന് ഇറങ്ങിയത്. റാഞ്ചിയില്‍ നേടിയ 43 റണ്‍സ് ആയിരുന്നു ആ പരമ്പരയിലെ ഉയര്‍ന്ന സ്കോര്‍.
വൈഭവിന് അവസരം?
ഇഷാന് കിഷന് പരിക്കേറ്റു പുറത്തായത് കൗമാര വെടിക്കെട്ടുകാരന് വൈഭവ് സൂര്യവംശിക്ക് പ്ലേയിംഗ് ഇലവനിലേക്കു വാതില്‍ തുറന്നേക്കും. ഏഷ്യ കപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരേ ആയിരുന്നു വൈഭവ് സൂര്യവംശി ഇന്ത്യക്കായി അവസാനം കളിച്ചത്. ഒമ്പതു പന്തില്‍ 15 റണ്‍സുമായി വൈഭവ് പുറത്തായിരുന്നു. വൈഭവ് എത്തിയാല്‍ സഞ്ജു സാംസൺ മൂന്നാം നന്പറിലേക്ക് ഇറങ്ങാനാണു സാധ്യത.
ഇഷാന് കിഷനു പകരമായി പേസ് ഓള്‍റൗണ്ടറായ ശിവം ദുബെ, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവരില്‍ ആരെങ്കിലും പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടാനുള്ള സാധ്യതയും തള്ളിക്കളയാന്‍ സാധിക്കില്ല.
Tags : India NewZealand T20Cricket Tournament IshanKishan Sports VaibhavSuryavanshi