പ്രതീകാത്മക ചിത്രം - എഐ
ന്യൂഡൽഹി: വിവാദമായ മ്യാൻമർ ആയുധപരിശീലന കേസിൽ പ്രതികളായ വിദേശ പൗരന്മാർക്ക് സ്വന്തം രാജ്യത്തു തുടരാനുള്ള അനുമതി അടുത്ത വർഷം ഫെബ്രുവരി 24 വരെ നീട്ടി നൽകി. ഡൽഹി സ്പെഷ്യൽ കോടതി ജഡ്ജി പ്രശാന്ത് ശർമ അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവിട്ടത്. കേസിൽ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അന്വേഷണം പുരോഗമിക്കുകയാണ്.
അമേരിക്കൻ പൗരനായ മാത്യു ആരോൺ വാൻഡൈക്ക്, ആറ് യുക്രേനിയൻ പൗരന്മാർ എന്നിവർക്കാണ് സ്വന്തം രാജ്യങ്ങളിൽ തുടരാൻ കോടതി അനുമതി നൽകിയത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി യുക്രേനിയൻ പൗരന്മാർ വീഡിയോ കോൺഫറൻസിംഗ് മുഖേനയാണു കോടതിയിൽ ഹാജരായത്. നേരിട്ടു ഹാജരായ അമേരിക്കൻ പൗരൻ വാൻഡൈക്കിന് അമേരിക്കയിലേക്കു മടങ്ങാൻ കോടതി അനുമതി നൽകുകയും ചെയ്തു. കോടതി തീരുമാനത്തെ എൻഐഎ എതിർത്തില്ല.
ടൂറിസ്റ്റ് വീസയിലെത്തി മ്യാൻമറിലെ സായുധ സംഘടനകൾക്കു പരിശീലനം നൽകിയെന്ന കേസിലാണ് ഇവർ നടപടി നേരിടുന്നത്. യുഎപിഎ ഒഴിവാക്കി ഇമിഗ്രേഷൻ ആൻഡ് ഫോറിനേഴ്സ് ആക്ട് പ്രകാരമാണ് എൻഐഎ പ്രതികൾക്കെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നത്.
നേരത്തേ സെപ്റ്റംബർ 24ന് കർശന ഉപാധികളോടെ വാൻഡൈക്കിന് യുഎസിലേക്കു പോകാനും യുക്രേനിയൻ പൗരന്മാർക്ക് കുടുംബങ്ങളെ കാണാൻ ഒരു മാസത്തേക്ക് നാട്ടിലേക്കു പോകാനും കോടതി അനുമതി നൽകിയിരുന്നു.
ഒരു മാസത്തിനുശേഷം ഇന്ത്യയിലേക്കു മടങ്ങിയെത്തി 72 മണിക്കൂറിനുള്ളിൽ വിവരം കോടതിയെ അറിയിക്കണമെന്നായിരുന്നു അന്നത്തെ നിർദേശം. തുടർന്ന് ഇക്കഴിഞ്ഞ ദിവസം ഹാജരായതോടെയാണു പ്രതികൾക്ക് സ്വന്തം രാജ്യത്തു തുടരാനുള്ള കാലാവധി അടുത്ത വർഷം ഫെബ്രുവരി 24 വരെ കോടതി വീണ്ടും നീട്ടി നൽകിയത്.
അതേസമയം, കേസിലെ നിലവിലെ നടപടികൾക്കു പിന്നിൽ കേന്ദ്രസർക്കാരിന്റെ അമേരിക്കയോടുള്ള കീഴടങ്ങലാണെന്ന് കോൺഗ്രസ് ആരോപിച്ചു.
Tags : ForeignNationals Homecountries Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs GlobalNews DailyNews InDepth NewsFlash