ഏഴംകുളം മൃഗാശുപത്രിക്ക് കെട്ടിടം പണിയാനായി വാങ്ങിയ സ്ഥലം.
അടൂർ: ഏഴംകുളം പഞ്ചായത്ത് മൃഗാശുപത്രി കെട്ടിടം പണിക്കായുള്ള കാത്തിരിപ്പിന് വിരാമമാകുന്നു. കെട്ടിടം പണിയാനായി സ്ഥലം വാങ്ങിയിട്ട് ഏറെ നാളായിരുന്നു. പക്ഷേ ഫണ്ട് ലഭിക്കാൻ വളരെ നാളുകൾി കാത്തിരിക്കേണ്ടിവന്നു. ഇപ്പോൾ സർക്കാരിൽ നിന്ന് 70 ലക്ഷം രൂപ അനുവദിക്കാൻ തീരുമാനമായിട്ടുണ്ടെന്നാണ് വിവരം.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയുടെ കാലത്താണ് അഞ്ച് ലക്ഷം രൂപയ്ക്ക് മൃഗാശുപത്രിക്കായി സ്ഥലം വാങ്ങിയത്. പട്ടാഴിമുക്ക് ജംഗ്ഷനു സമീപം നെടുമൺ സെന്റ് മേരീസ് പള്ളിക്ക് പിന്നിലായാണ് സ്ഥലം. സ്ഥലം വാങ്ങിയശേഷം തുടർനടപടിക്രമങ്ങൾക്കായി ഏറെ കാലതാമസം നേരിട്ടിരുന്നു.
തുടർന്ന് മൃഗസംരക്ഷണ വകുപ്പിന് കെട്ടിടം പണിക്കായി സ്ഥലം കൈമാറിയിട്ട് ഏറെ നാളുകളായിരുന്നു. തുടർനടപടികൾ പൂർത്തിയാക്കി കെട്ടിടം പണി എന്ന് തുടങ്ങുമെന്നത് സംബന്ധിച്ച് വിവരങ്ങൾ ലഭ്യമായിട്ടില്ല.
നെടുമൺ ജംഗ്ഷനിലെ സഹകരണ ബാങ്കിന്റെ കെട്ടിടത്തിലെ രണ്ട് മുറികളിലായാണ് ഇപ്പോൾ മൃഗാശുപത്രി പ്രവർത്തിക്കുന്നത്.
പരിമിതമായ സൗകര്യങ്ങൾ മാത്രമാണ്ഇവിടെയുള്ളത്. ഒട്ടേറെ ക്ഷീര കർഷകരുള്ള പഞ്ചായത്താണ് ഏഴംകുളം. മികച്ച സൗകര്യത്തിൽ ആശുപത്രി വന്നാൽ ക്ഷീര കർഷകർക്കായിരിക്കും ഏറെ ഗുണകരമാവുന്നത്.
Tags :