മുണ്ടക്കയം കോസ്വേ പാലത്തിൽ മുളംകമ്പുകൾകൊണ്ട് തീർത്ത കൈവരികൾ ദ്രവിച്ച് ഒടിഞ്ഞ് അപകടാവസ്ഥയിൽ.
മുണ്ടക്കയം: ദിവസേന നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്ന മുണ്ടക്കയം ടൗണിലെ പ്രധാന പാലമായ കോഴ്സ് വേ പാലത്തിന്റെ കൈവരികൾ തകർന്നിട്ട് മാസങ്ങൾ പിന്നിടുകയാണ്.
കഴിഞ്ഞ ഓഗസ്റ്റിലുണ്ടായ ശക്തമായ മഴയിൽ മണിമലയാറ്റിലെ ജലനിരപ്പ് ഉയർന്നതിന് തുടർന്നാണ് പാലത്തിന്റെ കൈവരികൾ ഒലിച്ചുപോയത്.
2021ലെ അതിശക്തമായ പ്രളയത്തിൽ പാലം വെള്ളത്തിനടിയിലാകുകയും പാലത്തിന്റെ കൈവരികൾ പൂർണമായും നശിക്കുകയും ചെയ്തിരുന്നു. പിന്നീട് വെള്ളപ്പൊക്കം ഉണ്ടാകുമ്പോൾ താത്കാലികമായി അഴിച്ച് മാറ്റാവുന്ന രീതിയിലാണ് കൈവരികൾ സ്ഥാപിച്ചത്.
എന്നാൽ, ഈ വർഷം പുഴയിലെ ജലനിരപ്പ് ഉയർന്നെങ്കിലും കൈവരികൾ അഴിച്ചുമാറ്റാൻ സാധിച്ചിരുന്നില്ല. ഇതോടെ കൈവരികളുടെ ഭൂരിഭാഗം വെള്ളത്തിൽ ഒഴുകിപ്പോയി.
മണിമലയാറ്റിലെ ജലനിരപ്പ് കുറഞ്ഞതോടെ കുറച്ചു കൈവരികൾ ആറിന്റെ പല ഭാഗത്തു നിന്നുമായി നാട്ടുകാർ കണ്ടെത്തി. എന്നാൽ, ഈ കൈവരികൾ പോലും പുനഃസ്ഥാപിക്കാൻ അധികാരികൾക്കായിട്ടില്ല.
തകർന്ന കൈവരികൾക്ക് പകരം പലസ്ഥലങ്ങളിലും മുളങ്കമ്പുകൾ കയറിൽ കൂട്ടിക്കെട്ടിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്.
മാസങ്ങൾ പിന്നിട്ടതോടെ പല മുളങ്കമ്പുകളും ദ്രവിച്ച് ഒടിഞ്ഞ അവസ്ഥയിലാണ്.
സമീപത്തെ സ്കൂളുകളിലേക്കു വിദ്യാർഥികളടക്കം ദിവസേന നൂറുകണക്കിന് കാൽനടയാത്രക്കാർ കടന്നുപോകുന്ന പാലമാണിത്. വീതികുറഞ്ഞ ഈ പാലത്തിലൂടെ ഒരേസമയം വാഹനങ്ങൾ കടന്നുപോകുമ്പോൾ വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികർ വശങ്ങളിലേക്കു മാറിനിൽക്കേണ്ട അവസ്ഥയാണ്.
എന്നാൽ, കൈവരികൾ ദ്രവിച്ച് അടർന്നുനിൽക്കുന്ന ഭാഗത്തേക്കു കാൽനടയാത്രികർ മാറിനിൽക്കുന്നത് അപകടസാധ്യത സൃഷ്ടിക്കുന്നത്. ശബരിമല തീർഥാടനകാലം ആരംഭിക്കുന്നതോടെ ഈ പാതയിൽ ഗതാഗതത്തിരക്ക് ഇരട്ടിയാകും.
ഇതു മുന്നിൽക്കണ്ട് അടിയന്തരമായി കോസ്വേ പാലത്തിന്റെ തകർന്ന കൈവരികൾ പുനഃസ്ഥാപിച്ച് യാത്രക്കാരുടെ സുരക്ഷാ ഉറപ്പാക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.
Tags :