ഇഎസ്എ വിഷയത്തിൽ കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റി പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസ് പടിക്കൽ നടത്തിയ ധർണ ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്യുന്നു.
പത്തനംതിട്ട: പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ടു ജില്ലയിൽ പ്രതിഷേധം ശക്തം. ഏഴാമത് കരട് വിജ്ഞാപനത്തിൽ ഇഎസ്എ പരിധിയിൽപെടുന്ന വടശേരിക്കര, ചിറ്റാർ, സീതത്തോട്, തണ്ണിത്തോട്, അരുവാപ്പുലം, കൊല്ലമുള, പെരുനാട് വില്ലേജുകളിൽ ഇന്ന് സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുകയാണ്.
ജനവാസ മേഖലകൾ, കൃഷിയിടങ്ങൾ ഇവ ഒഴിവാക്കിയുള്ള നിർദേശം സംസ്ഥാന സർക്കാർ നൽകിയപ്പോഴും അന്തിമ വിജ്ഞാപനം വരുന്നതുവരെ ജനങ്ങൾക്കിടയിൽ ആശങ്ക നിലനിൽക്കുന്നുവെന്നതിനാലാണ് വിവിധ സമരപരിപാടികൾ തുടരാൻ രാഷ്ട്രീയകക്ഷികളും കർഷക സംഘടനകളും തീരുമാനിച്ചിരിക്കുന്നത്. കഴിഞ്ഞ ആറ് കരട് വിജ്ഞാപനത്തിലും ഇതേ മേഖലകൾ ഇഎസ്എ പരിധിയിലായിരുന്നു. ജനവാസ മേഖലകൾ ഒഴിവാക്കാൻ സർക്കാരുകൾ നൽകിയ നിർദേശം കേന്ദ്രം അംഗീകരിച്ചില്ല. ഇത്തവണ ബന്ധപ്പെട്ട സമിതി മുന്‍പാകെ സംസ്ഥാന സർക്കാർ ശക്തമായ സമ്മർദം ചെലുത്തിയിട്ടുണ്ടെങ്കിലും അന്തിമ തീരുമാനം ആയിട്ടില്ല. നിയമസഭ വിഷയത്തിൽ പ്രമേയം പാസാക്കുകയും ചെയ്തു.
ഹർത്താലിനെതിരേ വ്യാജപ്രചാരണമെന്ന് രാജു ഏബ്രഹാം
പത്തനംതിട്ട: ഇഎസ്എ കരട് വിജ്ഞാപനവുമായി ബന്ധപ്പെട്ട് ഇന്ന് ജില്ലയിലെ ഏഴ് വില്ലേജുകളിൽ മാത്രമേ സിപിഎം ഹർത്താലിന് ആഹ്വാനം ചെയ്തിട്ടുള്ളെന്ന് ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം. എന്നാൽ ചില വ്യാജ സമൂഹമാധ്യമ അക്കൗണ്ടുകളിൽ നിന്ന് മറ്റ് സ്ഥലങ്ങളിലും ഹർത്താലുണ്ടെന്ന് വ്യാജ പ്രചാരണം നടത്തുകയാണ്. പരിസ്ഥിതിലോല മേഖല വിജ്ഞാപനം ബാധകമാകുന്ന ചിറ്റാർ, പെരുനാട്, വടശേരിക്കര, അരുവാപ്പുലം, കൊല്ലമുള, തണ്ണിത്തോട്, സീതത്തോട് വില്ലേജുകളിലാണ് ഹർത്താൽ നടത്തുന്നത്.
പരിസ്ഥിതിലോല മേഖല പ്രഖ്യാപനം നടപ്പായി കഴിഞ്ഞാൽ 10 -15 വർഷത്തിനുള്ളിൽ വനം വകുപ്പിന്റെ നിയന്ത്രണങ്ങൾ മൂലം വന്യമൃഗങ്ങൾ വർധിക്കുകയും പ്രദേശങ്ങൾ കൊടുംകാടായി മാറുമെന്നും രാജു ഏബ്രഹാം പറഞ്ഞു.
ജനങ്ങൾക്ക് വലിയ തരത്തിൽ ആശങ്കയുണ്ടാക്കാനിടയാക്കിയ പരിസ്ഥിതിലോല മേഖലാ പ്രഖ്യാപനം ഡോ. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരിക്കുന്പോൾ മന്ത്രിസഭാംഗമായിരുന്ന കോൺഗ്രസ് നേതാവ് ജയറാം രമേശാണ് കൊണ്ടുവന്നതെന്നും സിപിഎം ജില്ലാ സെക്രട്ടറി ചൂണ്ടിക്കാട്ടി.
കേരള കോൺഗ്രസ് എം ധർണ നടത്തി
പത്തനംതിട്ട : പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലെ ഏഴാമത് വിജ്ഞാപനത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലെ ജനങ്ങളുടെ പ്രശ്നങ്ങളും പ്രതിസന്ധികളും പരിഹരിക്കുവാൻ കേന്ദ്ര സംസ്ഥാന സർക്കാരുകൾ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് കേരള കോൺഗ്രസ് - എം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട ബിഎസ്എൻഎൽ ഓഫീസിനു മുന്പിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സജി അലക്സ് ഉദ്ഘാടനം ചെയ്തു.
മേഖലയിലെ ജനങ്ങളുടെ ആശങ്കകൾ അകറ്റുവാൻ അടിയന്തര ഇടപെടൽ നടത്താൻ ഉപസമിതിയെ നിശ്ചയിക്കണമെന്നും അവരുടെ കൃഷിയിടങ്ങളും വാസസ്ഥലങ്ങളും സംരക്ഷിക്കണമെന്നും, ഈ വിഷയത്തിൽ പ്രത്യേക നിയമസഭ സമ്മേളിക്കുന്നത് ഉചിതമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആറൻമുള നിയോജക മണ്ഡലം പ്രസിഡന്റ് കുര്യൻ മടയ്ക്കൻ അധ്യക്ഷത വഹിച്ചു. മുൻ എംഎൽഎ പ്രമോദ് നാരായൺ, ഉന്നതാധികാര സമിതിയംഗങ്ങളായ ചെറിയാൻ പോളച്ചിറയ്ക്കൽ, ടി. ഒ.ഏബ്രഹാം, സ്റ്റിയറിംഗ് കമ്മിറ്റിയംഗങ്ങളായ ജോർജ് ഏബ്രഹാം, ബിജോയ് തോമസ്, സംഘടനാകാര്യ ജനറൽ സെക്രട്ടറി മാത്യു മരോട്ടിമൂട്ടിൽ, ജനറൽ സെക്രട്ടറിമാരായ ജേക്കബ് മാമ്മൻ വട്ടശേരി, ഷെറി തോമസ്, ബിബിൻകല്ലൻ പറമ്പിൽ, ജെറി അലക്സ്, ജേക്കബ് ഇരട്ടപ്പൊളിക്കൽ,
കേരളാ യൂത്ത് ഫ്രണ്ട് സംസ്ഥാന വൈസ് പ്രസിഡന്റ് ജോജി പി. തോമസ്, കെഎസ് സി സംസ്ഥാന സെക്രട്ടറി റിന്റഓ തോപ്പിൽ, നഗരസഭാംഗം ബിജി മോൾ, എം.സി.ജയകുമർ, രാധാകൃഷ്ണൻ നായർ, സി.തോമസ്, തോമസ് മോഡി, ബോബി കാക്കാനപ്പള്ളി, ഹാൻലി ജോൺ, സതീശൻ പരുമല, തോമസ് കോശി, ടോമി വടക്കേമുറി തുടങ്ങിയവർ പ്രസംഗിച്ചു.
സർക്കാരുകൾ ജനങ്ങളെ കബളിപ്പിക്കുന്നു: സിപിഐ
പത്തനംതിട്ട: ജനവാസ മേഖലകളിലെ ജനങ്ങളുടെ ആശങ്കകൾ പരിഹരിക്കാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ജനങ്ങളെ വഞ്ചിക്കുകയാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റംഗം
ആർ. രാജേന്ദ്രൻ. കേന്ദ്ര പാരിസ്ഥിതിക സംവേദക മേഖല കരട് വിജ്ഞാപനം ഉടനടി പിൻവലിക്കുക, പത്തനംതിട്ട ജില്ലയോടുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ തുടർച്ചയായ അവഗണന അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് പത്തനംതിട്ട ഹെഡ് പോസ്റ്റ് ഓഫിസിലേക്ക് സംഘടിപ്പിച്ച ഉപരോധ സമരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര കർഷകരെയും സാധാരണക്കാരെയും പട്ടിണിയിലേക്കും അനിശ്ചിതത്വത്തിലേക്കും തള്ളിവിടുന്ന നയങ്ങളാണ് അധികാരികൾ സ്വീകരിക്കുന്നത്.
മേഖലയിൽ വീണ്ടും കൃത്യമായ ഫീൽഡ് സർവേനടത്തി പുതിയ മാപ്പ് തയാറാക്കാൻ സർക്കാരുകൾ അടിയന്തരമായി ഇടപെടണമെന്നും സിപിഐ ആവശ്യപ്പെട്ടു.
കർഷകരുടെ ജീവൽപ്രശ്നത്തിന്റെ ഗൗരവം പാർലമെന്റിൽ ബോധ്യപ്പെടുത്താൻ പത്തനംതിട്ട എംപി പൂർണ്ണമായും പരാജയപ്പെട്ടതായി അധ്യക്ഷത വഹിച്ച സിപിഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. സംസ്ഥാന കൗണ്‍സിലംഗങ്ങളായ പി.ആര്.ഗോപിനാഥന്,ഡി.സജി,കെ.ജി.രതീഷ് കുമാര്‍, ജില്ലാ എക്സിക്യൂട്ടീവംഗങ്ങളായ അരുണ്‍ കെ.എസ് മണ്ണടി, കെ.സതീഷ്, എ.പി. ജയന്, എം.മധു,ടി.മുരുകേഷ്,ആര്.ശരത്ചന്ദ്രകുമാര്‍, ലിസിദിവാന്‍, കെ.മണിക്കുട്ടന്, വിജയമ്മ ഭാസ്കരന് എന്നിവര്‍ പ്രസംഗിച്ചു.
Tags :