തലയാഴം- കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെ വി കനാലിന് കുറുകെ നിർമിച്ച പാലത്തിന്റെ അപകടത്തിനിടയാക്കുന്ന ഉയർത്തി നിർമിക്കാത്ത സമീപന റോഡ്.
വൈക്കം: തലയാഴം, കല്ലറ പഞ്ചായത്തുകളിലൂടെ കടന്ന് വൈക്കം - കോട്ടയം റോഡിനു സമാന്തര പാതയായി വിഭാവനം ചെയ്ത വൈക്കം - തോട്ടകം - വാക്കേത്തറ കല്ലുപുരയ്ക്കൽ റോഡ് ആധുനിക നിലവാരത്തിൽ പുനർ നിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു.
തകർന്ന് ഗതാഗത യോഗ്യമല്ലാത്ത ഈ റോഡ് ഗതാഗത സൗകര്യമില്ലാതെ വീർപ്പുമുട്ടുന്ന മുണ്ടാറിലെ 300ഓളം കുടുംബങ്ങൾക്കും തലയാഴം പഞ്ചായത്തിന്റെ കിഴക്കൻ മേഖലയിലെ നിർധന കുടുംബങ്ങളുടെ ജീവിത മുന്നേറ്റത്തിനും വഴിയൊരുക്കുന്നതാണ്.
10 വർഷം മുമ്പ് ഈ റോഡ് ആധുനിക നിലവാരത്തിൽ നവീകരിക്കുന്നതിന് കിഫ്ബിയിൽ ഉൾപ്പെടുത്തി 20 കോടി രൂപ ബജറ്റിൽ വകയിരുത്തിയെങ്കിലും സാങ്കേതികത്വത്തിൽ കുടുങ്ങി പദ്ധതി യാഥാർഥ്യമായില്ല. കിഫ്ബിയിൽ ഉൾപ്പെടുത്തി 12 മീറ്റർ വീതിയിൽ മാത്രമേ ഈ റോഡ് നിർമിക്കാനാകു.
പാടശേഖരങ്ങൾക്കു നടുവിലൂടെ കടന്നുപോകുന്ന ഈ റോഡിന് ഭൂരിഭാഗം സ്ഥലങ്ങളിലും എട്ട് മീറ്റർ വീതിയുണ്ട്. 12 മീറ്റർ വീതിയിൽ സ്ഥലമെടുക്കാൻ പ്രായോഗിക ബുദ്ധിമുട്ടുള്ളതിനാൽ കിഫ്ബി അധികൃതർക്ക് പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ നടത്താനായില്ല. പാടശേഖരത്തിനൊപ്പം താഴ്ന്ന നിലയിൽ കിടക്കുന്ന റോഡിൽ വെള്ളം നിറയുന്നതിനാൽ വാഹന ഗതാഗതവും കാൽനടയും ഇതുവഴി ഒരുപോലെ ദൃഷ്കരമാണ്.
റോഡ് ഗതാഗത യോഗ്യമാക്കണമെന്ന ആവശ്യമായി ജനകീയ സമിതി നിരവധിതവണ മന്ത്രിമാരെയടക്കം കണ്ട് റോഡിന്റെ പരിതാപകരമായ സ്ഥിതി ബോധ്യപ്പെടുത്തിയിരുന്നു. തുടർന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമായി നടന്ന ചർച്ചയെ തുടർന്ന് കിഫ്ബിയിൽ നിന്നു മാറ്റാതെ തന്നെ പ്രളയത്തിൽ തകർന്നടിഞ്ഞ റോഡിന്റെ പുനർനിർമ്മാണം സാധ്യമാകുമെന്ന് കിഫ്ബി അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും തുടർനടപടികൾ ഉണ്ടായില്ലെന്ന് ജനകീയ സമരസമിതി രക്ഷാധികാരി എം.കെ. ദിലീപ്, ചെയർമാൻ പി.എ.ഷിബു, കൺവീനർ ജയൻ കല്ലുപുര തുടങ്ങിയവർ പറഞ്ഞു.
തോട്ടകം ഗവൺമെന്റ് എൽപി സ്കൂൾ ജംഗ്ഷനിൽ നിന്നു ആരംഭിക്കുന്ന ഒൻപതു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് കല്ലറ എത്തക്കുഴിയിലാണ് അവസാനിക്കുന്നത്. തലയാഴം-കല്ലറ പഞ്ചായത്തുകളെ ബന്ധിപ്പിച്ച് കെ വി കനാലിനു കുറുകെ നിർമിച്ച പാലത്തിന്റെ സമീപന റോഡ് നിർമിക്കാത്തതിനാൽ കുത്തനെയുള്ള റോഡിലൂടെ നടന്നുകയറാനും വാഹനങ്ങൾക്ക് കടന്നുപോകാനും നന്നേ പണിപ്പെടേണ്ടിവരുന്നു.
ഈ പാലത്തിന് 300 മീറ്റർ അകലെ തലയാഴം പഞ്ചായത്ത് പരിധിയിൽ ഗതാഗതയോഗ്യമായ റോഡുണ്ട്. പാലത്തിലേയ്ക്കെത്തുന്ന 300 മീറ്ററോളം മൺ വഴിയിൽ വലിയകുഴികൾ രൂപപ്പെട്ടിരിക്കുകയാണ്. പാലത്ിൻ്റെ മറുവശം പാടശേഖരത്തിന് നടുവിലൂടെ പോകുന്ന റോഡ് വെള്ളത്തിൽ മുങ്ങിയ നിലയിലാണ്. പുറം ബണ്ടില്ലാത്തതിനാൽ വർഷങ്ങളായി ഈ പാടശേഖരത്തിൽ കൃഷി മുടങ്ങിയിരിക്കുകയാണ്. വെള്ളപ്പൊക്കം പതിവായതോടെ കുടുംബങ്ങൾ പലതും മക്കളുടെ പഠനവും മറ്റും കണക്കിലെടുത്ത് വീട് ഉപേക്ഷിച്ച് വാടക വീടുകളിലേക്ക് മാറി.
വൈക്കത്തെ മൂന്നു പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കല്ലറ - മുണ്ടാർ - വാക്കേത്തറ റോഡ് പൂർത്തിയായാൽ 5000 ഏക്കറോളം നെൽ കൃഷിക്കും മറ്റ് ഇടവിളകൾക്കും ഗുണകരമാകും. വൈക്കത്തെ ഉൾനാടൻവിനോദ സഞ്ചാര മേഖലയിലെ പ്രധാന ഇടമായി മാറിയ മുണ്ടാറിന്റെ വികസനത്തിനും റോഡുവികസനം ആക്കം കൂട്ടും.
Tags :