ചാലക്കയം - പന്പ പാതയിൽ നടന്നുവരുന്ന നവീകരണ ജോലികൾ.
ശബരിമല: ശബരിമല മണ്ഡല മകര വിളക്ക് തീർഥാടനകാലം ആരംഭിക്കാന്‍ ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ മുന്നൊരുക്കങ്ങളിൽ വൻ വീഴ്ച. ദേവസ്വം ബോർഡും വിവിധ സർക്കാർ വകുപ്പുകളും ഇപ്പോഴും മെല്ലപ്പോക്കിലാണ്.
നവംബർ പത്തിനകം ക്രമീകരണങ്ങൾ പൂർത്തിയാകുമെന്നാണ് വകുപ്പുതല പ്രഖ്യാപനമെങ്കിലും നടപടികളിലെ കാലതാമസവും മഴയും തടസമാകുകയാണ്.
പന്പയിലേക്കുള്ള പ്രധാന പാതയായ ചാലക്കയം - പന്പ റോഡിന്റെ നവീകരണം ഇഴയുന്നതാണ് പ്രധാന പ്രശ്നം. റോഡ് ആധുനികനിലയിൽ നവീകരിക്കുന്ന ജോലികളാണ് നടക്കുന്നത്. ഇതിന്റെ നടപടികൾ വൈകിയാണ് ആരംഭിച്ചത്. പണി ആരംഭിച്ചതിനു പിന്നാലെ മാസ പൂജ കൂടി എത്തിയതിനാൽ അഞ്ചുദിവസം നിർത്തിവയ്ക്കേണ്ടിവന്നു. ഇതിനൊപ്പം മഴയും ആയതിനാൽ പണികൾ വൈകുകയായാണ്.
റോഡു പണികൾ കാരണം കഴിഞ്ഞദിവസങ്ങളിൽ അപകടങ്ങളും ഗതാഗതക്കുരുക്കും ഉണ്ടായി. ഇതേത്തുടർന്നാണ് മാസപൂജ ദിവസങ്ങളിൽ പണികൾ നിർത്തിവച്ചത്.. പമ്പ മണല്‍പ്പുറം പൂർണമായും ചെളിനിറഞ്ഞു കിടക്കുകയാണ്. പമ്പയില്‍ നിന്നും സന്നിധാനത്തിലേക്കുള്ള സ്വാമി അയ്യപ്പന് റോഡിന്റെ ഭൂരിഭാഗം പ്രദേശത്തും മെററല്കൂര്ത്ത് നില്‍ക്കുകയാണ്.
പമ്പയില്‍ നിന്ന് സന്നിധാനത്തേക്കുള്ള പാതയിലും ശരംകുത്തി പാതയിലും ഒരു നവീകരണവും ഇതേവരെ ആരംഭിച്ചിട്ടില്ല.
പമ്പയില്‍ നിന്നും സന്നിധാനത്തേക്കുള്ള നീലിമല പാതയിലും സ്വാമി അയ്യപ്പന് പാതയിലേയും വഴിവിളക്കുകൾ പലതും പ്രകാശിക്കുന്നില്ല.
നീലിമല പാതയിലെ ശുചിമുറികള്‍ പലതും പ്രവര്‍ത്തന രഹിതമാണ്.
സന്നിധാനത്ത് മരാമത്ത് ജോലികള്‍ ഒന്നും തന്നെ പൂര്‍ത്തീകരിച്ചിട്ടില്ല. യുദ്ധകാലാടിസ്ഥാനത്തില്‍ നവീകരണ ജോലികള്‍ ആരംഭിച്ചാല്‍ മാത്രമേ മണ്ഡല കാലം ആരംഭിക്കുന്നതിന് മുന്‍പ് പണികള്‍ പൂര്‍ത്തീകരിക്കാന്‍ കഴിയുകയുള്ളൂ.
തുലാമാസ പൂജകള്‍ക്ക് ക്ഷേത്ര നട തുറന്ന അവസരങ്ങളില്‍ രാത്രി സ്ത്രീകളടക്കം മണിക്കൂറുകള്‍ നേരമാണ് ശരംകുത്തിയിൽ പാതയില്‍ നില്‍ക്കേണ്ടിവന്നത്.
നിലയ്ക്കലിലും മെല്ലെപ്പോക്ക്
തീർഥാടകരുടെ പ്രധാന ഇടത്താവളമായ നിലയ്ക്കലിൽ പുതുതായി ഒരു പ്രവർത്തനവും ഉണ്ടാകുന്നില്ല. നിലവിലെ ക്രമീകരണങ്ങൾ വിപുലപ്പെടുത്തുന്നതിലും അറ്റകുറ്റപ്പണികളിലും മെല്ലപ്പോക്ക് തുടരുകയാണ്. നിലയ്ക്കലിലേക്ക് എല്ലാവർഷവും തീർഥാടകരുടെ എണ്ണം വർധിക്കുകയാണ്. പന്പയിലെ തിരക്ക് ക്രമീകരിക്കാൻ ഇത്തവണ മണ്ഡലകാലം ആരംഭിക്കുന്പോൾ തന്നെ തീർഥാടകരെ നിലയ്ക്കലിൽ തടയാനാണ് തീരുമാനം.
ഇതിനായി ജർമൻ പന്തൽ ക്രമീകരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിനൊപ്പം കൂടുതൽ പൊലിസ് എയ്ഡ് പോസ്റ്റുകളും സ്ഥാപിക്കും. നിലയ്ക്കലിലെ കുടിവെള്ള വിതരണം അടക്കം പ്രാഥമിക സൗകര്യങ്ങൾ കൂടി വിപുലപ്പെടുത്തേണ്ടതുണ്ട്. നിലയ്ക്കൽ - പന്പ റൂട്ടിൽ കെഎസ്ആർടിസി കൂടുതൽ സർവീസുകൾ ക്രമീകരിക്കുമെന്ന് അറിയിച്ചിട്ടുണ്ട്.
റോഡ് വികസനം
ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയായിട്ടില്ല. മണ്ണാറക്കുളഞ്ഞി - ചാലക്കയം പാതയിൽ അറ്റകുറ്റപ്പണികൾ തുടങ്ങിയിട്ടില്ല. റോഡിന്റെ പലയിടങ്ങളിലും കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. റോഡരികിലെ കാട് വെട്ടിത്തെളിക്കാനോ സംരക്ഷണ ഭിത്തികളുടെ പോരായ്മകൾ പരിഹരിക്കാനോ നടപടിയായിട്ടില്ല. സൈൻ ബോർഡുകൾ വൃത്തിയാക്കാനും ട്രാഫിക് ലൈറ്റുകൾ സ്ഥാപിക്കാനും കരാർ നൽകിയിട്ടുണ്ട്.
രണ്ടാഴ്ചയ്ക്കുള്ളിൽ ഈ ജോലികൾ പൂർത്തിയാക്കുമെന്നാണ് വിശദീകരണം. ശബരിമല തീർഥാടനവുമായി ബന്ധപ്പെട്ട 18 റോഡുകളുടെ പണികളും പൂർത്തിയാക്കാനുണ്ട്. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, കൊല്ലം, ഇടുക്കി ജില്ലകളുമായി ബന്ധപ്പെട്ട പാതകളാണിവ. കഴിഞ്ഞയാഴ്ച പന്പയിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന അവലോകനയോഗത്തിലെ തീരുമാനങ്ങൾ പ്രകാരം റോഡുപണികൾ സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. ഇതനുസരിച്ച് അടിയന്തരമായി പൂർത്തീകരിക്കേണ്ട ജോലികൾക്ക് കരാർ നൽകിയിട്ടുണ്ട്.
എന്നാൽ ടാർ വിലയിലെ വർധനയും മറ്റും ചൂണ്ടിക്കാട്ടി പണികൾ ഏറ്റെടുക്കുന്നതിൽ കരാറുകാർ വിമുഖത പ്രകടിപ്പിച്ചിരിക്കുകയാണ്.
Tags :