കൃപാസനം അഖണ്ഡ ജപമാല മഹാറാലിക്ക് കാത്തിരിക്കുന്ന തീർഥാടകർ.
ചേര്‍ത്തല: ലോക സമാധാനത്തിനായും രാജ്യങ്ങൾ തമ്മിലുള്ള സൗഹൃദം നിലനിർത്താനുമായി പ്രാർഥിച്ചുകൊണ്ട് കൃപാസനം അഖണ്ഡ ജപമാല മഹാറാലി ഇന്നു പുലര്‍ച്ചെ കലവൂരില്നിന്നും ആരംഭിച്ചു. കൃപാസനം ഡയറക്ടർ ഫാ.ഡോ. വി.പി. ജോസഫ് വലിയവീട്ടിൽ മഹാറാലിക്ക് നേതൃത്വം നല്കുന്നു. റാലിക്ക് തുടക്കം കുറിച്ച് ബ്രദര്‍ ആർ. വിജയകുമാർ കോയമ്പത്തൂർ ഫ്ളാഗ് ഓഫ് ചെയ്തു.
കൃപാസനം മരിയന്‍ സന്നിധാനത്തില്നിന്നും അര്‍ത്തുങ്കല്‍ ബസിലിക്കയിലേക്ക് നടക്കുന്ന മഹാറാലിയില്‍ പങ്കെടുക്കാൻ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി ഇന്നലെ ഉച്ചമുതല്‍ തന്നെ വിശ്വാസസമൂഹം എത്താന്തുടങ്ങിയിരുന്നു. വിശ്വാസികളുടെ പ്രവാഹം തുടരുകയാണ്.
14 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റാലി റൂട്ടില്‍ വിശ്വാസികള്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ആംബുലന്‍സുകളും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും മെഡിക്കല്‍ എയ്ഡും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തീരദേശപാതയ്ക്ക് സമാന്തരമായി നടക്കുന്ന റാലിയുടെ വിവിധ കേന്ദ്രങ്ങങ്ങളിൽ ശുദ്ധജലവിതരണവും പ്രാഥമികാവശ്യങ്ങൾക്കുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.
ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍ റാലിക്കുവേണ്ടിയുള്ള ഒരുക്കങ്ങൾ ഏകോപിപ്പിച്ചിട്ടുണ്ട്. ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും വിമുക്തഭടന്മാരുടെയും വോളന്റിയേഴ്സിന്റെയും സേവനം ഒരുക്കിയിട്ടുണ്ട്. ചേന്നവേലിപള്ളി സന്നദ്ധസേന സംഘടനാപ്രവര്‍ത്തകരും സെന്റ് ജോര്‍ജ് ഇടവക സന്നദ്ധസേന സംഘടനാപ്രവര്‍ത്തകരും ചേര്‍ന്ന് നേര്‍ച്ചക്കഞ്ഞി ഒരുക്കിയിട്ടുണ്ട്.
സെന്റ് ഫ്രാന്‍സിസ് സ്കൂളിനു സമീപം കൃപാസനം നേര്‍ച്ച ലഘുഭക്ഷണം ഒരുക്കിയിട്ടുണ്ട്. അര്‍ത്തുങ്കല്‍ ബസിലിക്ക പാരീഷ് ഹാളില്‍ രണ്ട് മെഡിക്കല്‍ ക്യാമ്പുകളും പ്രവര്‍ത്തിക്കുന്നുണ്ട്. മഹാറാലിക്ക് സണ്ണി പരുത്തിയിൽ, തങ്കച്ചൻ പനയ്ക്കൽ, അഡ്വ. എഡ്വേർഡ് തുറവൂർ, ജോസഫ് അരൂർ, അലോഷ്യസ് തൈയ്ക്കൽ എന്നിവർ നേതൃത്വം നൽകി.
തീരദേശപാതയിലൂടെ സഞ്ചരിച്ച് വൈകുന്നേരം അര്ത്തുങ്കലിലെത്തുന്ന മഹാറാലിയെ ബസിലിക്ക റെക്ടർ ഫാ. യേശുദാസ് കാട്ടുങ്കൽ തയ്യിലിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. തുടർന്ന് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പിൽ സന്ദേശം നല്കി ദിവ്യബലി അർപ്പിക്കും. നൂറോളം വൈദികർ പങ്കെടുക്കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൃപാസനത്തിലേക്ക് കെഎസ്ആർടിസി പ്രത്യേക ബസ് സർവീസ് നടത്തുന്നുണ്ട്. വൈുന്നേരം അർത്തുങ്കൽനിന്ന് തിരിച്ച് ദേശീയപാതവരെ വിശ്വാസികള്‍ക്ക് സൗജന്യ യാത്രാസൗകര്യവും ഒരുക്കിയിട്ടുണ്ട്.
Tags :