എടത്വ: നാലു പതിറ്റാണ്ട് ജലോത്സവവേദികളില് തുഴയെറിഞ്ഞ കായിക പ്രതിഭ എടത്വ ബേബിച്ചന് എന്ന തോമസ് സെബാസ്റ്റ്യന്‍ (76) വിട. വള്ളംകളിയുടെയും കായികരംഗത്തിന്റെയും ഓര്‍മകളില്‍ മായാത്തമുദ്ര പതിപ്പിച്ച ബേബിച്ചന്റെ വിയോഗം നാടിനും കായികപ്രേമികള്‍ക്കും തീരാനഷ്ടമാണ്.
വള്ളംകളിയുടെ ആവേശവും ആവേഗവും നെഞ്ചേറ്റി കേരളത്തിലെ വിവിധ ജലോത്സവ വേദികളില്‍ നിറസാന്നിധ്യമായിരുന്നു ബേബിച്ചന്. തുഴച്ചില്ക്കാരനായും അമരക്കാരനായും നാലു പതിറ്റാണ്ടോളം നീണ്ട കായിക ജീവിതത്തിലൂടെ ശ്രദ്ധേയമായ നേട്ടങ്ങളാണ് അദ്ദേഹം കൈവരിച്ചത്. നെഹറുട്രോഫി ഉള്‍പടെ കേരളത്തിലും വിദേശത്തുമായി നിരവധി ജലമേളകളില്‍ അമരക്കാരനായും തുഴച്ചില്ക്കാരനായും മികവു തെളിയിച്ചു.
ഡ്രാഗണ്‍ ബോട്ട് റേസില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് 1985 മുതല്‍ തുടര്‍ച്ചയായി നാലു വര്‍ഷം സിംഗപ്പൂരിലും തായ്ലന്‍ഡിലും നടന്ന മത്സരങ്ങളില്‍ പങ്കെടുത്ത് വിജയം നേടിയ ടീമിലെ അംഗമായിരുന്നു അദ്ദേഹം. വോളിബോള്‍ താരമെന്ന നിലയിലും കുട്ടനാട്ടില്‍ ഏറെ പ്രശസ്തനായിരുന്നു. കായികരംഗത്തെ സജീവ സാന്നിധ്യത്തിനൊപ്പം എടത്വ സെന്റ് ജോര്‍ജ് ഫൊറോന പള്ളി കൈക്കാരനായും അദ്ദേഹം സേവനമനുഷ്ഠിച്ചു.
എടത്വ മരിയാപുരം കറുകയില്‍ പുത്തന്‍പുരയില്‍ കുടുംബാംഗമായ തോമസ് സെബാസ്റ്റ്യന്റെ സംസ്കാരം ഇന്ന് രണ്ടിന് എടത്വ ഫൊറോന പള്ളിയില്‍ നടക്കും. ഭാര്യ: മേഴ്സി തോമസ് വീയപുരം കളപ്പുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: ബ്രന്റ്, ബ്രിജിത്ത്. മരുമക്കള്‍: ബ്ലെസി ചിറയില്‍ (നാലുകോടി), റ്റിബിന്‍ കുരീത്രവലിയവീട് (ചേന്നംകരി).
Tags :