ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ കെട്ടികിടക്കുന്ന പിടിച്ചെടുത്ത വാഹനങ്ങൾ.
ഇരിട്ടി: വിവിധ കേസുകളിൽ പിടിച്ചെടുത്തതും അപകടത്തിൽ പെട്ടതുമായ വാഹനങ്ങൾ ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ തലശേരി–മൈസൂർ അന്തർസംസ്ഥാന പാതയോരത്ത് ദീർഘകാലമായി നിർത്തിയിട്ടിരിക്കുന്നത് അപകടഭീഷണി ഉയർത്തുന്നതായി പരാതി. വാഹനങ്ങൾ സുരക്ഷിതമായ സ്ഥലത്തേക്ക് മാറ്റാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
പോലീസ് സ്റ്റേഷന് സമീപം റോഡിനോട് ചേർന്നാണ് രണ്ട് ടിപ്പർ ലോറികൾ ഉൾപ്പെടെ പിടിച്ചെടുത്ത വാഹനങ്ങൾ നാളുകളായി മാറ്റാതെ വഴിയരികിൽ തന്നെ കിടക്കുന്നത്. തിരക്കേറിയ ഈ പാതയിലൂടെ രാവും പകലും നിരവധി വാഹനങ്ങൾ സഞ്ചരിക്കുന്ന സാഹചര്യത്തിൽ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി പ്രദേശവാസികൾ ചൂണ്ടിക്കാട്ടുന്നു. മുമ്പ് ഇവിടെ നിർത്തിയിട്ടിരുന്ന ടിപ്പർ ലോറിയിൽ മിനി ലോറി ഇടിച്ച് ഉണ്ടായ അപകടത്തിൽ കാൽ നടയാത്രക്കാർക്ക് പരിക്കേറ്റിരുന്നു.
പാർക്കിംഗ് സൗകര്യങ്ങൾ ഇല്ല
ഇരിട്ടി ഡിവിഷൻ ആസ്ഥനമായ ഇരിട്ടി പോലീസ് സ്റ്റേഷൻ നേരിടുന്ന പ്രധാന വെല്ലുവിളി പോലീസ് വാഹനങ്ങൾക്ക് പോലും കൃത്യമായ പാർക്കിംഗ് സൗകര്യമില്ലായെന്നതാണ്. പോലീസ് വാഹനങ്ങളും വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവരുടെ വാഹനങ്ങളുമെല്ലാം നിർത്തിയിടുന്നത് റോഡരികിൽ തന്നെ. അത് കൂടാതെയാണ് പിടിച്ചെടുത്തതും അപകടത്തിൽ പെട്ടതുമായ വാഹനങ്ങൾ റോഡരികിൽ കൂട്ടിയിട്ടിരിക്കുന്നത്. മയക്കുമരുന്ന് കേസുകളിൽ പിടികൂടിയ വാഹനങ്ങളും ഇതിൽ പെടുന്നു. രാത്രികാലങ്ങളിൽ ഇത്തരത്തിൽ നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ വ്യക്തമായി തിരിച്ചറിയാൻ ആവശ്യമായ റിഫ്ലക്ടറുകളോ മുന്നറിയിപ്പ് സംവിധാനങ്ങളോ ഇല്ലാത്തത് കാൽനടയാത്രികരടക്കമുള്ളവർക്ക് അപകടഭീഷണിയുയർത്തുന്നുവെന്നും നാട്ടുകാർ പറയുന്നു.
ഇത്തരത്തിൽ പിടിച്ചെടുത്ത വാഹനങ്ങൾ സൂക്ഷിക്കുന്നതിനായി ഉളിക്കലിൽ പ്രത്യേക യാർഡ് നിലവിലുണ്ടെന്നിരിക്കെ റോഡരികിൽ വാഹനങ്ങൾ നിർത്തിയിടുന്നത് ഒഴിവാക്കി യാർഡിലേക്ക് മാറ്റാൻ അധികൃതർ അടിയന്തര നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. വാഹനങ്ങൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രി നേരത്തേ തന്നെ പറഞ്ഞിരുന്നു.