പ്രതീകാത്മക ചിത്രം
മുളന്തുരുത്തി: താൽക്കാലിക ജോലിയുടെ കാലാവധി അവസാനിച്ചിട്ടും ജല അഥോറിറ്റി ഓഫീസിൽ അനധികൃതമായി തുടർന്ന താൽക്കാലിക ജീവനക്കാരി ഓഫീസ് ഭരണം നടത്തിയിരുന്നതായി വിജിലൻസ് കണ്ടെത്തി.
രഹസ്യ വിവരത്തെ തുടർന്ന് മുളന്തുരുത്തി ജല അഥോറിറ്റി ഓഫീസിൽ കഴിഞ്ഞ ദിവസം വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിലാണ് കരാർ അവസാനിച്ച് മാസങ്ങൾ കഴിഞ്ഞ ജീവനക്കാരി അനധികൃതമായി ജോലിയിൽ തുടർന്നത് കണ്ടെത്തിയത്. മാസങ്ങളോളം അസി. എൻജിനീയർ ഇല്ലാതിരുന്ന ഓഫീസിന്റെ ഭരണച്ചുമതല വഹിച്ചത് ഇവരായിരുന്നു. കരാറുകാർക്ക് വേണ്ടി ഇവർ തിരിമറികൾ നടത്തിയിട്ടുണ്ടെന്ന് വിജിലൻസ് കണ്ടെത്തിയതായിപറയുന്നു.
ജലജീവൻ പദ്ധതിയുടെ പ്രോജക്ട് ജോലിയുടെ ഭാഗമായി 179 ദിവസത്തെ കരാർ ജോലിയ്ക്കെത്തിയ കോട്ടയം സ്വദേശിനിയാണ് അനധികൃതമായി ജോലിയിൽ തുടർന്നത്. ഡിസംബറിൽ കാലാവധി അവസാനിച്ച ഇവർ അസി.എൻജിനീയർ ഇല്ലാത്തതിനാൽ ഉദ്യോഗസ്ഥരുടെ അറിവോടെ ഒരു മാസം കൂടി ജോലിയിൽ തുടർന്നതായും ജനുവരി വരെ ഇവർക്ക് ഔദ്യോഗികമായി വേതനം നൽകിയതായും പറയുന്നുണ്ടെങ്കിലും തുടർന്നുള്ള മാസങ്ങളിൽ ഇവർ ജോലി ചെയ്തത് എങ്ങനെയെന്നതിൽ ഉദ്യോഗസ്ഥർക്കും വ്യക്തതയില്ല.
ഔദ്യോഗികമായി ജീവനക്കാരിയല്ലാത്തയാൾ ഓഫീസിലെ വെബ്സൈറ്റ് ഉപയോഗിക്കുന്നതായും ബില്ലുകൾ കൈകാര്യം ചെയ്യുന്നതായും വിവരം ലഭിച്ചതിനെ തുടർന്ന് രഹസ്യാന്വേഷണ വിഭാഗം ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കരാറുകാരുടെ ഇടനിലക്കാരിയായാണ് ഇവർ ഓഫീസിൽ പ്രവർത്തിച്ചതെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ കണ്ടെത്തൽ.
സംഭവം ജലവിഭവ വകുപ്പിൽ വിജിലൻസ് റിപ്പോർട്ട് ചെയ്തതോടെ വകുപ്പുതലത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Tags : Nattuvishesham LocalNews