ശരത്
ഫോർട്ടുകൊച്ചി: ചെല്ലാനത്ത് റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ തീയിട്ടു നശിപ്പിക്കുകയും അടിച്ചു തകർക്കുകയും ചെയ്തയാളെ പോലീസ് പിടികൂടി. ചെല്ലാനം സ്വദേശി ഓലേടത്ത് ശരത്തി(26)നെയാണ് പോലീസ് പിടികൂടിയത്. ചെല്ലാനം ഗൊണ്ടുപറമ്പ് മുതൽ കമ്പനിപ്പടി പനക്കേൽ പാലം വരെയുള്ള റോഡരികിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങളാണ് ഇയാൾ നശിപ്പിച്ചത്.
ഇന്നലെ പുലർച്ചെയായിരുന്നു സംഭവം. രണ്ട് ഓട്ടോറിക്ഷയും ഒരു കാറും പൂർണമായി തീയിട്ട് നശിപ്പിച്ചു. ഒരു ഓട്ടോ ടാക്സി ഭാഗികമായി കത്തിനശിച്ചു. മറ്റൊരു കാറിന്റെ ചില്ല് പൂർണമായി അടിച്ചുതകർത്തു. രണ്ട് സ്കൂട്ടറുകൾ തള്ളി വെള്ളത്തിലിട്ടു.
സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പോലീസ് പിടികൂടിയത്. ഇയാള്‍ മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമം നടത്തിയ ശേഷം വീട്ടില്‍ പോയി ഉറങ്ങിയ പ്രതി രാവിലെ ചെല്ലാനം ഹാർബറിൽ നിന്ന് വള്ളത്തിൽ മത്സ്യബന്ധനത്തിനു പോയിരുന്നു. തുടർന്ന് തിരികെയെത്തിയപ്പോഴാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. വാഹന ഉടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ശരത്തിനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
Tags : Nattuvishesham LocalNews