ഇരവിപുരം: യുഡിഎഫ് സ്ഥാനാർഥി അഡ്വ. വിഷ്ണുമോഹന് കശുവണ്ടി തൊഴിലാളികളുടെ സ്നേഹാഭിവാദ്യം. ഇന്നലെ കശുവണ്ടി ഫാക്ടറികളിലും മറ്റു തൊഴിൽശാലകളിലും സ്ഥാനാർഥി കടന്നു വന്നപ്പോൾ അവർ നേരിടുന്ന വിഷയങ്ങൾ പരാതികളായി മുന്നിൽനിരത്തി.
കൊല്ലത്തിന്റെ പരമ്പരാഗത തൊഴിൽ മേഖലയായ കശുവണ്ടി വ്യവസായത്തെ തച്ചുടച്ച തുടർഭരണത്തിൽ നിന്ന് കശുവണ്ടി തൊഴിലാളികളെ കരകയറ്റുന്നതിനു വ്യക്തമായ പദ്ധതി തയാറാക്കിയെന്ന് ഇരവിപുരം നിയോജകമണ്ഡലം യു ഡി എഫ് സ്ഥാനാർഥി അഡ്വ. വിഷ്ണു മോഹൻ.
പൂട്ടിക്കിടക്കുന്ന കശുവണ്ടി ഫാക്ടറികൾ തുറക്കുന്നതിനും തൊഴിൽ ദിനങ്ങൾ വർധിപ്പിക്കുന്നതിനും കശുവണ്ടി വ്യവസായം ഇന്ന് നേരിടുന്ന പ്രതിസന്ധികൾ തരണം ചെയ്യുന്നതിന് വ്യക്തമായ ആക്ഷൻ പ്ലാൻ തയാറാക്കിയിട്ടുണ്ടെന്ന് വിഷ്ണു മോഹൻ കശുവണ്ടി തൊഴിലാളികൾക്ക് ഉറപ്പ് നൽകി. ആർഎസ്പി സംസ്ഥാന സെക്രട്ടറി എ.എ. അസീസ്, യുടിയു സി സംസ്ഥാന സെക്രട്ടറി ടി.സി. വിജയൻ, ഐഎൻടിയുസി നേതാവ് കോതേത്ത് ഭാസുരൻ, യു ഡി എഫ് നേതാക്കളായ പെരിനാട് മുരളി, ബിജു ലക്ഷ്മികാന്തൻ, ടി. കെ .സുൽഫി, ശശിധരൻ പിള്ള എന്നിവർ പങ്കെടുത്തു.
Tags : nattu vishesham Vishnu Mohan cashew workers