ജീവനൊടുക്കിയ കര്ഷകന് നെന്മേനി താഴത്തൂര്‍ പാടിയേരിക്കുന്ന് കൃഷ്ണന് ചെട്ടിയുടെ കുടുംബത്തെ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യയുട
സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ ദിവസം ജീവനൊടുക്കിയ കര്ഷകന് നെന്മേനി താഴത്തൂര്‍ പാടിയേരിക്കുന്ന് കൃഷ്ണന് ചെട്ടിയുടെ കുടുംബത്തെ കേരള കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ജെ. ദേവസ്യ, ജില്ലാ സെക്രട്ടറി എന്‍.എ. ബില്ലി ഗ്രഹാം, സിപിഎം കോളിയാടി ലോക്കല്‍ സെക്രട്ടറി ക്രിസ്തുദാസ് എന്നിവര്‍ സന്ദര്‍ശിച്ചു.
വീട്ടില്‍നിന്നു പഞ്ചായത്ത് കിണറിലേക്കുള്ളതും ദീര്‍ഘകാലമായി ഉപയോഗിച്ചുവരുന്നതുമായ വഴി സമീപവാസി വേലികെട്ടി അടച്ചതില്‍ മനംനൊന്താണ് 80കാരനായ കൃഷ്ണന് ചെട്ടി ജീവനൊടുക്കിയതെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലായിരുന്നു സന്ദര്‍ശനം. രോഗിയായ ഭാര്യ കാര്‍ത്യായനിയും മകള്‍ ഷൈലയും നാല് കുട്ടികളും അടങ്ങുന്നതാണ് കൃഷ്ണന് ചെട്ടിയുടെ കുടുംബം. അന്യര്‍ ഭൂമിയില്‍ പ്രവേശിക്കുന്നതിനെതിരേ കോടതിയില്‍നിന്നു സമ്പാദിച്ച ഉത്തരവിന്റെ മറവിലാണ് സമീവാസി വഴി വേലികെട്ടിയടച്ചത്.
ഇത് വഴിനടക്കുന്നതിനും കുടിവെള്ളമെടുക്കുന്നതിനും പ്രയാസം സൃഷ്ടിച്ച സാഹചര്യത്തില്‍ പ്രശ്ന പരിഹാരത്തിന് കൃഷ്ണന്‍കുട്ടി പഞ്ചായത്ത് അധികാരികളെയടക്കം സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
ഒരു വ്യക്തിയുടെ സ്ഥലത്ത് പ്രവേശിക്കരുതെന്ന കോടതി ഉത്തരവിന്റെ പേരില്‍ ആര്‍ക്കും പൊതുവഴി അടയ്ക്കാന്‍ അനുവാദമില്ലെന്നും കൃഷ്ണ്‍കുട്ടിയുടെ മരണത്തിന് കാരണമായത് ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും അനാസ്ഥയാണെന്ന് കെ.ജെ. ദേവസ്യ പറഞ്ഞു. ദയനീയ സാഹചര്യത്തില്‍ ജീവിക്കുന്ന കുടുംബത്തെ സഹായിക്കുന്നതിന് ഇടപെടുമെന്ന് അദ്ദേഹം അറിയിച്ചു.
Tags : Local News Nattuvishesham Wayanad