മതിൽ പൊളിഞ്ഞ് വീണ് കല്ലിങ്ങൽ സുബൈദയുടെ വീട് തകർന്നപ്പോൾ.
പെരിന്തൽമണ്ണ: മാസങ്ങൾക്ക് മുന്‍പ് നാട്ടുകാർ നിർമിച്ച് നൽകിയ വീട് കൂറ്റൻ മതിൽ ഇടിഞ്ഞ് വീണതിനെ തുടർന്ന് തകർന്നു. പെരിന്തൽമണ്ണ നഗരസഭയിലെ ഒന്‍പതാം വാർഡിൽ കക്കൂത്ത് വെട്ടുപാറ മസ്ജിദിന് പിറകുവശത്ത് താമസിക്കുന്ന കല്ലിങ്ങൽ സുബൈദയുടെ വീടാണ് തകർന്നത്. വീടിന്റെ പിറകുവശത്തുള്ള അടുക്കള ഭാഗത്തേക്കാണ് മതിലിടിഞ്ഞത്. ഈ ഭാഗത്ത് ആരുമില്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി.
പഞ്ചായത്തംഗം കെ.കെ. ഉനൈസ് സ്ഥലത്തെത്തി കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ നൽകാമെന്ന് ഉറപ്പുനൽകി. നഗരസഭ സെക്രട്ടറി ലാൽകുമാർ, വില്ലേജ് ഉദ്യോഗസ്ഥർ, നഗരസഭ കൗണ്‍സിലർമാർ എന്നിവർ സ്ഥലം സന്ദർശിച്ചു. താമസ സൗകര്യത്തിനായി നഗരസഭയുടെ ഒഴിവുള്ള ഫ്ളാറ്റ് അടിയന്തരമായി കൗണ്‍സിൽ ചേർന്ന് അനുവദിക്കാമെന്നും സർക്കാരിൽ നിന്ന് ലഭിക്കേണ്ട എല്ലാ ആനുകൂല്യങ്ങളും എംഎൽഎയുമായി കൂടിയാലോചിച്ച് ലഭ്യമാക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
Tags : Local News Nattuvishesham Malappuram