പാൽചുരം-ബോയ്സ് ടൗൺ റോഡരികിൽ തള്ളിയ മാലിന്യങ്ങൾക്കിടയിൽ നിന്ന് തെളിവുകൾ ശേഖരിക്കാൻ പരിശോധന നടത്തുന്ന പഞ്ചായത്ത് പ്രതിനിധികളും ഹെൽത്ത് വിഭാഗം ഉദ്യോഗസ്
കൊട്ടിയൂർ: പാൽചുരം-ബോയ്സ് ടൗൺ റോഡരികിൽ വൻതോതിൽ മാലിന്യം തള്ളിയ സംഭവത്തിൽ അടിയന്തര നടപടിയുമായി പഞ്ചായത്ത് ആരോഗ്യ വിഭാഗവും ജനപ്രതിനിധികളും. പാൽചുരം ആശ്രമം വളവിനു സമീപമാണു ചാക്കുകളിലാക്കിയ നിലയിൽ പഴകിയ മരുന്നുകളും മദ്യക്കുപ്പികളും അടക്കമുള്ള മാലിന്യങ്ങൾ തള്ളിയത്.
ഇന്നലെ രാവിലെ ആരോഗ്യ വിഭാഗവും പഞ്ചായത്ത് പ്രതിനിധികളും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തി. പരിശോധനയിൽ മാലിന്യക്കൂമ്പാരത്തിൽ നിന്ന് അമ്പായത്തോട് സ്വദേശിയുടെ പേരും വിലാസവും അടങ്ങിയ ബിൽ കണ്ടെത്താനായി. തുടർന്ന് മാലിന്യം തള്ളിയ വ്യക്തിയോട് ഇന്നു രാവിലെ പഞ്ചായത്ത് ഓഫീസിലെത്തി പിഴ അടയ്ക്കാൻ ആരോഗ്യ വിഭാഗം നിർദേശം നൽകി.
ചുരം മേഖലകളിൽ മാലിന്യം തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്തംഗം തോമസ് ആമക്കാട്ട് അറിയിച്ചു. ജനവാസമില്ലാത്ത മേഖലകൾ കേന്ദ്രീകരിച്ച് വിവിധ സ്ഥലങ്ങളിൽ നിന്ന് മാലിന്യം കൊണ്ടുവന്നു തള്ളുന്നത് പതിവാകുന്നത് പഞ്ചായത്തിന് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. ബോധവത്കരണത്തിന്റെ ഭാഗമായി ഈവഴി കടന്നുപോകുന്ന വാഹന ഡ്രൈവർമാർക്ക് നോട്ടീസ് നൽകുന്നതടക്കമുള്ള നടപടികൾ ആലോചിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.പഞ്ചായത്ത് അംഗങ്ങളായ ബിനു പടിയാനിക്കൽ, ബിന്ദു കൊച്ചുപൂത്തുമൂട്ടിൽ, അസിസ്റ്റന്റ് സെക്രട്ടറി സുഭാഷ്, ഹെൽത്ത് ഇൻസ്പെക്ടർ അനിത, ഹരിത കർമസേനാംഗങ്ങൾ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. വരും ദിവസങ്ങളിലും പ്രദേശത്ത് പരിശോധന ശക്തമാക്കാനാണ് ഹെൽത്ത് വിഭാഗത്തിന്റെ തീരുമാനം.
Tags : NattuVishesham DistrictNews