പത്തനംതിട്ട: കേരളത്തിലെ രണ്ടാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ ശബരിഗിരിയുടെ രണ്ട് പ്രധാന സംഭരണികളിലും ജലനിരപ്പ് ശരാശരി 44 ശതമാനത്തോളമാണ്.കക്കി-ആനത്തോട് സംഭരണയിൽ 48.09 ശതമാനവും പന്പയിൽ 39.9 ശതമാനവുമാണ് ഇന്നലത്തെ ജലനിരപ്പ്. വൃഷ്ടിപ്രദേശങ്ങളിൽ മഴ ലഭിക്കുന്നുണ്ടെങ്കിലും ജലനിരപ്പ് നിലവിലെ സാഹചര്യത്തിൽ ഭീഷണി ഉയർത്തുന്നില്ല. ഇക്കൊല്ലം വേനൽമഴയിലെ കുറവും ജൂൺ മാസത്തിൽ സാധാരണ ലഭിക്കാറുള്ള മഴ ലഭിക്കാതിരുന്നതും കാരണം പ്രധാന സംഭരണികൾ ഭീഷണിയായിട്ടില്ല. 2018ൽ കക്കി, പന്പ സംഭരണികൾ തുറന്ന് വെള്ളം ഒഴുക്കേണ്ട സാഹചര്യത്തിലാണ് പ്രളയക്കെടുതികൾ അതിരൂക്ഷമായത്.
ശബരിഗിരി പദ്ധതിയിലെ ഉത്പാദനശേഷം പുറന്തള്ളുന്ന വെള്ളം സംഭരിക്കുന്ന മൂഴിയാറിലാണ് പിന്നീടുള്ള വലിയ ഡാം. വൃഷ്ടി പ്രദേശങ്ങളിലെ നീരൊഴുക്കിലൂടെ വേലുത്തോട്ടിൽ നിന്നുള്ള വെള്ളം കൂടി സംഭരണിയിലെത്തുന്നുണ്ട്. ഇന്നലെ രാവിലെ ജലനിരപ്പ് പൂർണശേഷിയിലെത്തിയതോടെ റെഡ് അലർട്ട് നൽകുകയും ഉച്ചയോടെ മൂഴിയാറിലെ ഒരു ഷട്ടർ 15 സെന്റിമീറ്റർ തുറക്കുകയും ചെയ്തു.
സംഭരണിയുടെ ജലനിരപ്പ് പരമാവധി നിലയായ 192.63 മീറ്റർ എത്തിയതോടെയാണ് ഡാമിന്റെ ഷട്ടർ ഉയർത്തിയത്. ഇതോടെ കക്കാട്ടാറ്റിൽ ജലനിരപ്പ് നേരിയതോതിൽ ഉയർന്നു. ചെറുകിട പദ്ധതികളായ അള്ളുങ്കലിലും കാരിക്കയത്തും സംഭരണികൾ തുറന്നുവച്ചിരിക്കുകയാണ്. വെള്ളിയാഴ്ച രാത്രി മഴയിൽ പദ്ധതികളുടെ പ്രവർത്തനംതന്നെ തടസപ്പെട്ടിരുന്നു. മണിയാറിലും നിലവിൽ വെള്ളം സംഭരിക്കുന്നില്ല. ശബരിഗിരി പദ്ധതികളുടെ സംഭരണികൾ പിന്നിട്ടാൽ കാര്യമായി വെള്ളം തടയപ്പെടാതെ വന്നതോടെയാണ് ശക്തമായ ഒഴുക്ക് പന്പയിൽ ഉണ്ടായത്.
നദികളിൽ ജലനിരപ്പ് ഉയർന്നുതന്നെ
പന്പ, അച്ചൻകോവിൽ, മണിമല നദികളിൽ ഇന്നലെ രാവിലെയുള്ള കണക്കെടുപ്പിൽ എല്ലായിടത്തും ജലനിരപ്പ് ഉയർന്നു നിൽക്കുകയാണ്. രാത്രിയിൽ പെയ്ത ശക്തമായ മഴയാണ് നദികളിലെ ജലനിരപ്പ് വർധിപ്പിച്ചത്.
പന്പ - അയിരൂരിൽ 8.63 മീറ്ററാണ് ഇന്നലെ രാവിലെ ജലനിരപ്പ്. ആറന്മുളയിൽ 8.1 മീറ്റർ വെള്ളമുണ്ട്. തലേന്ന് 8.2 മീറ്ററുണ്ടയിരുന്നു. മാലക്കരയിൽ 7.33 മീറ്റർ വെള്ളമുണ്ട്. 2018ൽ ആറന്മുളയിൽ 10.38 മീറ്ററിലും മാലക്കരയിൽ 9.58 മീറ്ററിലും ജലനിരപ്പെത്തിയിരുന്നു. ഏഴ് മീറ്ററിൽ ജലനിരപ്പ് അധികരിച്ചാൽ സാധാരണ നിലയിൽ റെഡ് അലർട്ട് നൽകാറുണ്ട്. വിസ്തൃതി കുറവായ മാടമൺ ഭാഗത്ത് 102 മീറ്ററാണ് ജലനിരപ്പ്. കേന്ദ്ര ജലകമ്മീഷനാണ് നദികളിലെ വെള്ളത്തിന്റെ അളവ് കൃത്യമായി രേഖപ്പെടുത്തി നൽകുന്നത്. മണിമലയിൽ വള്ളംകുളത്ത് 6.36 മീറ്ററും കല്ലൂപ്പാറയിൽ 7.33 മീറ്ററിലെത്തിയതോടെ റെഡ് അലർട്ട് നൽകിയിരിക്കുകയാണ്. അച്ചൻകോവിലാറ്റിൽ പന്തളത്ത് 84.7 മീറ്ററാണ് ജലനിരപ്പ്. മണ്ണീറയിൽ 105. 88 മീറ്ററും താവളപ്പാറയിൽ 70.58 മീറ്ററുമാണ് ജലനിരപ്പ്.