വൈക്കത്ത് ബജറ്റ് ടൂറിസത്തിനായി ഉപയോഗിക്കുവാൻ ജലഗതാഗതവകുപ്പ് നിശ്ചയിച്ചിട്ടുള്ള വേഗ 120 ഹൈ സ്പീഡ് എസി ബോട്ട്.
വൈക്കം: വൈക്കത്തെ ഉൾനാടൻ ജലാശയങ്ങളിലേക്ക് വിദേശ ആഭ്യന്തര വിനോദ സഞ്ചാരികൾ കൂടുതലായി എത്തുന്നതു കണക്കിലെടുത്ത് കുറഞ്ഞ നിരക്കിൽ സഞ്ചാരികൾക്ക് വേമ്പനാട്ടുകായലിന്റെയും പുഴകളുടെയും ദൃശ്യ മനോഹാരിത അനുഭവവേദ്യമാക്കാൻ ജലഗതാഗത വകുപ്പും ബജറ്റ് ടൂറിസം പദ്ധതി ആരംഭിക്കുന്നു. വൈക്കം കെഎസ്ആർടിസി ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കൈവരിച്ച മികച്ച വിജയത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ജലഗതാഗത വകുപ്പും വൈക്കത്ത് വിനോദ സഞ്ചാരമേഖലയ്ക്ക് ഊന്നൽ നൽകുന്നത്.
വൈക്കംമുറിഞ്ഞപുഴ, പാതിരാമണൽ തുടങ്ങി വൈക്കത്തെ വിവിധ പ്രദേശങ്ങളെ കൂട്ടിയിണക്കി ടൂറിസം പാക്കേജ് തയാറാക്കാനാണ് ജലഗതാഗത വകുപ്പ് പദ്ധതി തയാറാക്കുന്നത്. ഇതിനായി ഒരുക്കുന്ന വേഗ ത്രീ സോളാർ ബോട്ട് നിർമാണത്തിന്റെ അവസാന ഘട്ടത്തിലാണ്. ഇതിനുപുറമെ വൈക്കം-എറണാകുളമായി സർവീസ് നടത്തിയിരുന്ന വേഗ 120 ഹൈസ് സ്പീഡ് എസി ബോട്ട് വൈക്കം-എറണാകുളം സർവീസ് അവസാനിപ്പിച്ചതിനെത്തുടർന്ന് വിനോദ സഞ്ചാരമേഖലയിൽ സർവീസ് നടത്താനുള്ള നീക്കത്തിലാണ്.
സ്വകാര്യ ബോട്ടുകൾ നിലവിൽ വൈക്കം കായലിലും പുഴയിലും സവാരി നടത്താൻ ഒരാളിൽനിന്ന് 1000 രൂപയാണ് ഈടാക്കുന്നത്. ഇത്തരത്തിൽ നിരവധി ബോട്ടുകൾ സർവീസ് നടത്തുന്ന പശ്ചാത്തലത്തിൽ 300, 400 രൂപ നിരക്കിൽ ജലഗതാഗത വകുപ്പിന് സർവീസ് നടത്താനാകുമെന്ന് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നു. വൈക്കം ജെട്ടിയിൽനിന്ന് മുറിഞ്ഞപുഴ വഴി മത്സ്യഫെഡിന്റെ ചെമ്പ് കാട്ടിക്കുന്നിലെ പാലാക്കരി ഫിഷ് ഫാമും തണ്ണീർമുക്കം ബണ്ടും തുരുത്തുകളും പാതിരാമണലുമൊക്കെ ബന്ധിപ്പിച്ചുള്ള വിനോദ സഞ്ചാരയാത്ര അധികം വൈകാതെ ഉണ്ടാകുമെന്നാണ് ജലഗതാഗത വകുപ്പ് അധികൃതർ പറയുന്നത്.
കായലും പുഴകളും കനാലുകളുമായി ജലസമൃദ്ധമായ വൈക്കത്തെ ഗ്രാമഭംഗിയുടെ മനോഹാരിത നുകരാൻ ഹൗസ് ബോട്ടുകളിലും നാടൻ വഞ്ചികളിലും ഉൾപ്രദേശങ്ങളുടെ സ്വച്ഛതയിലേക്ക് വരുന്നത് കൂടുതലും വിദേശികളാണ്. കരിയാറിലൂടെ വേമ്പനാട്ടു കായലിലേക്കും വൈക്കത്തെ വിനോദസഞ്ചാരത്തിന്റെ പറുദീസയായി സഞ്ചാരികൾ നെഞ്ചിലേറ്റുന്ന മുണ്ടാറിലേക്കും എത്തുന്ന സഞ്ചാരികളുടെ എണ്ണം ദിനംപ്രതി വർധിക്കുകയാണ്. വൈക്കത്തെ മുറിഞ്ഞപുഴ, ഇത്തിപ്പുഴ, പുത്തൻകായൽ, വൈക്കം കായലോര ബീച്ച് തുടങ്ങിയ സ്ഥലങ്ങളും സഞ്ചാരികളുടെ മനം കവരുകയാണ്.
Tags : Nattuvishesham DistrictNews DeepikaNews Water Transport