"പരിഹരിക്കാൻ എംപിയും എംഎൽഎയും ഇടപെടണം'
ചാലക്കുടി: സൗത്ത് ജംഗ്ഷനിലെ വെള്ളക്കെട്ട് പരിഹരിക്കുന്നതിന് ബെന്നി ബെഹനാന് എംപി, സനീഷ്കുമാര് ജോസഫ് എംഎല്‍എ എന്നിവര്‍ ഇടപെടണമെന്ന് ഹൗസിംഗ് ബോര്‍ഡ് കോളനി അലോട്ടീസ് അസോസിയേഷന് ആവശ്യപ്പെട്ടു.
ചാലക്കുടി സൗത്ത് ജംഗ്ഷനില്‍ സര്‍വീസ് റോഡിന്റെ ഇരുഭാഗത്തും ശാസ്ത്രീയമായി കാന നിര്മിക്കാത്തതിനെതുടര്ന്ന് രൂക്ഷമായ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. മഴ പെയ്താല്‍ ബസ്സ്റ്റാൻഡും പരിസരവും വെള്ളക്കെട്ടിലാകുന്നത് പതിവായി മാറിയിരിക്കുകയാണ്. ബസ് സ്റ്റാൻഡില്‍ പ്രവര്‍ത്തിക്കുന്ന വ്യാപാര സ്ഥാപനങ്ങളിലേക്കും ഹൗസിംഗ് ബോര്‍ഡ് കോളനി, പറക്കാട് നഗര്‍ എന്നിവടങ്ങളിലെ വീടുകളിലേക്കും വെള്ളം കയറുന്നത് മൂലം വലിയ ദുരിതമായിരിക്കുകയാണ്.
ഇത് സംബന്ധിച്ച് എംപി, എംഎല്‍എ, ദേശീയപാത അധികൃതര്‍ എന്നിവര്‍ക്ക് നിരവധിതവണ പരാതി നല്‍കിയിട്ടും ഒരു നടപടിയും ഉണ്ടായില്ല. മാറി മാറി വന്ന കളക്ടര്‍മാറും സ്ഥലം സന്ദര്‍ശിക്കുകയും കാന നിര്‍മിക്കാമെന്ന ഉറപ്പുനല്‍കുകയും ചെയ്യുന്നതല്ലാതെ തുടര്‍നടപടികളുണ്ടാകുന്നില്ല.
ദേശീയപാത അധികൃതര്‍ കാന നിര്‍മിക്കാമെന്ന ഉറപ്പ് നൽകിയെങ്കിലും പാലിക്കപ്പെട്ടില്ല. മഴപെയ്താല്‍ വെള്ളക്കെട്ടിനെ തുടര്‍ന്ന് വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഇരിക്കാനാകാത്ത അവസ്ഥയാണ്. ബസ് സ്റ്റാൻഡില്‍ ബസുകള്‍ക്ക് സര്‍വീസ് നടത്താന്‍പോലും പറ്റാത്ത തരത്തിലാണ് വെള്ളക്കെട്ട് ഉണ്ടാകുന്നത്. ഈ സാഹചര്യത്തില്‍ ശാസ്ത്രീയമായി കാന നിര്‍മിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ എംപി, എംഎല്‍എ എന്നിവര്‍ ഇടപെണമെന്ന് അലോട്ടീസ് അസോസിയേഷന് ആവശ്യപ്പെട്ടു.
മുനിസിപ്പല്‍ കൗണ്‍സിലര്‍ വി.ജെ. ജോജി, അലോട്ടീസ് അസോസിയേഷന് പ്രസിഡന്റ് വര്‍ഗീസ് തമ്പി, കെ.പി. ഗോപി, എം.ഡി. ഷിജു എന്നിവര്‍ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
Tags : Nattuvishesham District News