പാലപ്പിള്ളി: ചക്കിപ്പറന്പ് മലന്പതി ഉന്നതിപ്രദേശത്ത് വളർത്തുമൃഗങ്ങളെ കൊന്നൊടുക്കിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. സ്വകാര്യവ്യക്തിയുടെ പറന്പിലാണു കൂടുസ്ഥാപിച്ചത്. ഉന്നതിയിലും പരിസരപ്രദേശത്തുമായി പുലിയെ നിരീക്ഷിക്കാൻ നാല് ട്രാപ്പ് കാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ഒരു മാസത്തിനിടെ കുണ്ടായി, ചക്കിപ്പറന്പ് മേഖലയിൽ വീട്ടുമുറ്റത്ത് കെട്ടിയിട്ട രണ്ടു പശുക്കളെയും ഒന്പതു വളർത്തുനായ്ക്കളെയും പുലി ആക്രമിച്ചുകൊന്നിരുന്നു. ആദിവാസികളും തോട്ടംതൊഴിലാളികളും താമസിക്കുന്നിടത്താണു പുലിയിറങ്ങി വളർത്തുമൃഗങ്ങളെ കൊന്നത്. പുലിയെ പേടിച്ച് രാത്രികളിൽ പ്രദേശവാസികൾ പുറത്തിറങ്ങാറുണ്ടായിരുന്നില്ല.
കാട്ടാനശല്യത്താൽ പൊറുതിമുട്ടിയ പ്രദേശവാസികൾ പുലിയുടെ ആക്രമണവും സ്ഥിരമായതോടെ പരാതിയുമായി രംഗത്തെത്തുകയായിരുന്നു.
Tags : Nattuvishesham District News